എല്ലാ ശക്തിയേയും വയറുകൊണ്ട് നേരിട്ട ഒരാൾ; അറിയാം ഫ്രാങ്ക് റിച്ചാർഡ്‍സ് എന്ന ഉരുക്കുമനുഷ്യനെ

Richards

‘ഏത് വേദനയേയും താങ്ങാൻ കഴിവുള്ള വയറുള്ള ഒരാൾ’ കേൾക്കുമ്പോൾ അത്ഭുതവും ആശ്ചര്യവും തോന്നുമെങ്കിലും വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നുവത്രേ. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ ജീവിച്ചിരുന്ന ഫ്രാങ്ക് കാനോൺബോൾ റിച്ചാർഡ്‍സ് എന്ന വ്യക്തിയാണ് എത്ര വലിയ ആഘാതത്തേയും തന്റെ വയറുകൊണ്ട് നിസ്സാരമായി തടുത്തിരുന്നത്.

ഉരുക്കുവയറിനുടമ എന്നാണ് റിച്ചാർഡ്‍സ് അറിയപ്പെട്ടിരുന്നത്. ഒരിക്കൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെയാണ് ഈ അത്ഭുത കഴിവ് തിരിച്ചറിഞ്ഞത്. റിച്ചാർഡ്‍സ് സ്വന്തം വയറിൽ ആദ്യം അതിശക്തമായി അടിച്ചു അതിന് ശേഷം സുഹൃത്തുക്കളോട് വയറിന്റെ മധ്യഭാഗത്ത് ശക്തമായി അടിക്കാൻ ആവശ്യപ്പെട്ടു. സുഹൃത്തുക്കൾ നിരവധി തവണ അതിശക്തമായി അടിച്ചെങ്കിലും ചെറു ചിരിയോടെ റിച്ചാർഡ്‍സ് അവിടെ ഇരിക്കുക മാത്രമാണ് ചെയ്തത്.

പിന്നീട് നിരവധി തവണ റിച്ചാർഡ്‍സ് പല ആയുധങ്ങളുമുപയോഗിച്ച് വയറിൽ അടിച്ചപ്പോഴൊന്നും വേദനിക്കാത്തതിനെത്തുടർന്ന് അദ്ദേഹം ഇതൊരു തൊഴിലായി സ്വീകരിക്കുകയായിരുന്നു. തുടർന്ന് നിരവധി പരിപാടികളിലും സ്റ്റേജ് ഷോകളിലും അദ്ദേഹം തന്റെ ഉരുക്കുവയറുമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.

സ്റ്റേജ് പരിപാടികളിൽ പൊതുജനങ്ങൾക്ക് വയറിൽ ഇടിക്കാനുള്ള അവസരത്തിന് പുറമെ ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനായ ജാക്ക് ഡെംപ്‌സിയെയും റിച്ചാർഡ്‍സ് ക്ഷണിക്കുകയുണ്ടായി. തുടർച്ചയായി 75 തവണയാണ് ഡെംപ്‌സി റിച്ചാർഡ്‍സിനെ ഇടിച്ചത്. എന്നാൽ ഇത്തവണയും റിച്ചാർഡ്‍സിന് ഒരു കൂസലുപോലുമില്ലായിരുന്നു.

Read also:നഗരത്തിരക്കിന് നടുവിൽ കാടും മലയും തടാകവുമായി ശാന്തമായി സ്ഥിതി ചെയ്യുന്ന പ്രകൃതി വിസ്മയം; അറിയാം, ലോകത്തെ ആദ്യ അർബൻ ക്വയറ്റ് പാർക്കിനെക്കുറിച്ച്

പിന്നീട് വയറിൽ ആളുകൾക്ക് ചാടാനും, ചുറ്റിക ഉപയോഗിച്ച് അടിക്കുന്നതിനുമൊക്കെ അവസരമൊരുക്കിയിരുന്നുവത്രെ. എന്നാൽ അതിനേയും വേദനയില്ലാതെ നേരിട്ട റിച്ചാർഡ്‍സ്, പ്രത്യേകമായി പണികഴിപ്പിച്ച പീരങ്കി ഉപയോഗിച്ച് തന്റെ വയറിൽ ഇടിക്കുന്നതിനും ആളുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ വലിയ പീരങ്കി ഉപയോഗിച്ച് രണ്ടു തവണയാണ് റിച്ചാർഡ്‍സ് ഇടിയെ നേരിട്ടത്.

എല്ലാ ശക്തിയേയും വയറുകൊണ്ട് നേരിട്ട റിച്ചാർഡ്‍സ് 1969 ഫെബ്രുവരിയിലാണ് മരണത്തിന് കീഴടങ്ങിയത്. 81 വയസായിരുന്നു.

Story Highlight: The world’s strongest man Frank Cannonball Richards