ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കഴിഞ്ഞു, ഇനി സംഗീതത്തിൽ ഒരു കൈ നോക്കാം; ആര്യയുടെ പാട്ടും അനുകരിച്ച് ആവർത്തന

avarthana

ആരോഗ്യമന്ത്രി കെ കെ ഷൈലജയേയും മുഖ്യമന്ത്രി പിണറായി വിജയനേയുമൊക്കെ അനുകരിച്ച് സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായി മാറിയ താരമാണ് ആവർത്തന എന്ന കൊച്ചുമിടുക്കി. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ നിന്നുംമാറി സംഗീതത്തിൽ ഒരു ശ്രമം നടത്തിയിരിക്കുകയാണ് ഈ കുഞ്ഞുമിടുക്കി. വ്യത്യസ്തമായ പാട്ടവതരണത്തിലൂടെ സംഗീത പ്രേമികളുടെ ഇഷ്‌ടഗായികയ ആര്യ ദയാലിനെയാണ് ഇത്തവണ ആവർത്തന അനുകരിച്ചത്.

കഴിഞ്ഞ ദിവസം ആര്യ അവതരിപ്പിച്ച സിഐഡി മൂസ v/ s പ്രൊഫസർ എന്ന പേരിൽ പങ്കുവെയ്ക്കപ്പെട്ട ഗാനം സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിഐഡി മൂസയിലെ പിന്നണി ഗാനവും മാണി ഹൈസ്റ്റ് എന്ന പ്രസിദ്ധ വെബ് സീരിസിലെ ഗാനവും ചേർത്താണ് പുതിയ ഫ്യൂഷൻ ആര്യ ഒരുക്കിയിരിക്കുന്നത്. ഈ വീഡിയോയ്ക്കാണ് അനുകരണവുമായി ആവർത്തന എത്തുന്നത്. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിന് ആര്യയുടെ അനുവാദം ചോദിച്ചിരിക്കുകയാണ് ആവർത്തന. ‘ചേച്ചിയുടെ സോങ് ഞാനൊന്ന് ഡബ്ബ് ചെയ്തിട്ടുണ്ട് ഒരു ശ്രമം മാത്രം … ഞാൻ വീഡിയോ പോസ്റ്റ് ചെയ്തോട്ടെ ചേച്ചി..’ എന്നാണ് ആവർത്തന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ആര്യയുടെ മറുപടി പ്രതീക്ഷിച്ചിരിക്കുകയാണ് ആവർത്തന.

അതേസമയം കണ്ണൂർ നാടാൽ സ്വദേശിനിയായ ആര്യ കേരളം ഏറ്റെടുത്ത ‘സഖാവ്’ എന്ന കവിതയിലൂടെ ശ്രദ്ധേയയായ ഗായികയാണ്. ബോളിവുഡ് താരം അമിതാഭ് ബച്ചൻ കൊവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുന്ന സമയത്ത് ആര്യയുടെ പാട്ട് അഭിനന്ദനങ്ങളോടെ പങ്കുവെച്ചിരുന്നു.

Read also:പ്രയാസമേറിയ ഫിസിക്‌സ് സമവാക്യം എളുപ്പത്തിൽ പൂർത്തിയാക്കുന്ന സുശാന്ത്- അമ്പരപ്പും ദുഃഖവും സമ്മാനിച്ച് വീഡിയോ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ആവർത്തനയും. കണ്ണട വെച്ച് വെള്ള ഷര്‍ട്ട് ധരിച്ച് മുടിയും നരപ്പിച്ച് പിണറായി വിജയന്റെ ലുക്കും ഈ മിടുക്കി ഏറ്റെടുത്തതായിരുന്നു കഴിഞ്ഞ ദിവസം ആവർത്തന സോഷ്യൽ മീഡിയിൽ എത്തിയത്. കൊവിഡ്കാലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നുമുള്ള ഒരു ഭാഗമാണ് ആവര്‍ത്തന അനുകരിച്ചത്. അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള പിണറായി വിജയന്റെ മറുപടി അതേരീതിയില്‍ വീഡിയോയില്‍ ആവര്‍ത്തന അനുകരിക്കുന്നു. ‘രാഷ്ട്രീയമായി ആരും കാണരുത് മോളുടെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ട് കമന്റ് ചെയ്യുക.’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ നിയമസഭയിലെ പ്രസംഗം അതേപടി അനുകരിച്ചപ്പോഴും ആവര്‍ത്തനയ്ക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രി ഈ മിടുക്കിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Story Highlights: avarthana act as singer arya dhayal