‘കൈതോല.. പായ വിരിച്ച്’ മലയാളി ഹൃദയങ്ങളിൽ കയറിക്കൂടിയ നാടൻ പാട്ടിന്റെ ആതിരമുത്തൻ ജിതേഷ് കക്കിടിപ്പുറത്തിന് കണ്ണീർ പ്രണാമം..

മലയാളികൾ ഒന്നടക്കം ഏറ്റുപാടിയ ‘കൈതോല.. പായ വിരിച്ച്…’ എന്ന നാടൻ പാട്ടിന്റെ സൃഷ്‌ടാവ് ജിതേഷ് ഇനി ഓർമ്മ…പെയിന്റിങ് തൊഴിലാളിയായ ജിതേഷ് വർഷങ്ങൾക്ക് മുമ്പ്, 1992-ൽ അവിചാരിതമായി എഴുതിയ ‘കൈതോല.. പായ വിരിച്ച്’ എന്ന ഗാനം പിന്നീട് മലയാളികളുടെ എക്കാലത്തെയും ഹിറ്റ് ഗാനമായി മാറുകയായിരുന്നു. ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റുപാടിയ ഈ ഗാനത്തിന്റെ സൃഷ്‌ടാവിനെ 26 വർഷങ്ങൾക്ക് ശേഷമാണ് ലോകമറിയുന്നത്. 

മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് നാടൻ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയങ്കരനാണ്. കലാരംഗത്ത് സജീവമായ ജിതേഷ് പെയിന്റിങ് പണിക്കിടെ എഴുതി ചിട്ടപ്പെടുത്തിയ നിരവധി ഗാനങ്ങൾ ഇന്നും മലയാളികൾ ഏറ്റുപാടുന്നുണ്ട്. ‘പാലോം പാലോം നല്ല നടപ്പാലോം..’ എന്ന് തുടങ്ങുന്ന ജിതേഷിന്റെ നാടൻ പാട്ട് മലയാളികൾക്കിടയിൽ ഏറെ ഹിറ്റായിരുന്നു. മാന്ത്രിക സ്പർശമുള്ള പാട്ടുകളിലൂടെ മലയാളികളുടെ മനംകവർന്ന ജിതേഷ് സ്വന്തമായി നാടൻ പാട്ട് സംഘം നടത്തുന്നുണ്ട്. ആതിരമുത്തൻ എന്നാണ് ജിതേഷിന്റെ നാടൻ പാട്ട് ട്രൂപ്പിന്റെ പേര്.

ഫ്‌ളവേഴ്‌സ് കോമഡി ഉത്സവ വേദിയിലൂടെ പ്രേക്ഷക സ്വീകാര്യമായി മാറിയ ജിതേഷ് സംഗീതത്തെ പ്രണയിക്കുന്ന മലയാളി ഹൃദയങ്ങളിൽ ഇനിയും ജീവിക്കുമെന്നുറപ്പ്. നിരവധി സൂപ്പർഹിറ്റ് നാടൻ പാട്ടുകൾ സമ്മാനിച്ച ജിതേഷ് കക്കിടിപ്പുറത്തിന് കണ്ണീർ പ്രണാമം.

Story Highlights: Jishesh kakkadippurath passes away