സംസ്ഥാനത്ത് വരുന്ന ആറ്‌ ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ഇടങ്ങളിൽ യെല്ലോ അലേർട്ട്

Kerala Weather Report

സംസ്ഥാനത്ത് വരുന്ന ആറു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദം രൂപപ്പെട്ടാൽ കേരളത്തിൽ കാലവർഷം ശക്തമാകും. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകൾക്കാണ് മഴമുന്നറിയിപ്പുള്ളത്. നാളെ (ഞായറാഴ്ച) 11 ജില്ലകളിലും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 14 ജില്ലകൾക്കും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തീരത്ത് കടലാക്രമണ സാധ്യതയും ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണം. കേരള കർണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും ഇന്ന് മണിക്കൂറിൽ50 കി മീ വരെ വേഗത്തിൽ കാറ്റുവീശാനിടയുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ്.

Read also: അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിൽ പഠനം; പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്ന മാറ്റങ്ങൾ അറിയാം

അതേസമയം കഴിഞ്ഞ രണ്ട് വർഷങ്ങളിലും കാലവർഷം അതികഠിനമായതും കേരളം മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ചതും ആഗസ്റ്റ് മാസത്തിലായിരുന്നു. അതുകൊണ്ടുതന്നെ പൊതുജനങ്ങൾക്കും അധികൃതർക്കും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പും, ദുരന്ത നിവാരണ സേനയും ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Story Highlights: Kerala Weather Report