അഭിനേത്രിയിൽ നിന്നും സംവിധായികയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ലെന

സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടി ലെന. സംവിധാന മോഹം വളരെക്കാലമായി മനസിൽ കൊണ്ടുനടക്കുന്ന ലെന, സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിനിമയ്ക്കായി ചെറിയ മുന്നൊരുക്കങ്ങൾ നടത്തിയതായും, ഇത്രയും വർഷത്തെ സിനിമാ പരിചയം സഹായകമാകുമെന്നുമാണ് ലെന വ്യക്തമാക്കുന്നത്.

തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായി കഴിഞ്ഞാൽ മറ്റൊരാളെക്കൊണ്ട് എഴുതിക്കാനാണ് താരം ഉദ്ദേശിക്കുന്നത്. അതേസമയം, എഴുത്ത് കുഴപ്പമില്ലെന്ന് തോന്നിയാൽ തിരക്കഥ സ്വയമെഴുതാനും സാധ്യത ഉണ്ടെന്ന് ലെന പറയുന്നു. അടുത്ത വർഷത്തോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി.

ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന സിനിമയിലൂടെയാണ് ലെന അഭിനയരംഗത്തേക്ക് എത്തുന്നത്. സിനിമ മേഖലയിൽ 22 വർഷം പൂർത്തിയാക്കിയ ലെന ബോൾഡ് കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. അഭിനയത്തിന് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമായ ലെന, യാത്രകളെയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ്.

Read More: കറുപ്പാണ് കരുത്തും സൗന്ദര്യവും- നിറത്തിന്റെ പേരിലുണ്ടായ വിവേചനങ്ങൾ വിജയമാക്കിയ പെൺകുട്ടിയുടെ അനുഭവക്കുറിപ്പ്

ലെനയുടെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങളിൽ ഒന്നാണ് ‘ആർട്ടിക്കിൾ 21’. ചിത്രത്തിൽ താമര എന്ന തമിഴ് സ്ത്രീയെയാണ് അവതരിപ്പിക്കുന്നത്. മറ്റൊന്ന്, ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബിലാൽ’ എന്ന മമ്മൂട്ടി ചിത്രമാണ്. മാർച്ചിൽ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ ലോക്ക് ഡൗൺ പ്രതിസന്ധി കാരണം നീണ്ടുപോകുകയായിരുന്നു. പ്രേക്ഷകരെ പോലെ ലെനയും ബിലാലിനായുള്ള കാത്തിരിപ്പിലാണ്.