ഓണം വരവേറ്റ് താരപുത്രികൾ; മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ച് സുരേഷ് ഗോപിയുടെ പെൺമക്കൾ

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. കുടുംബ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. മക്കളിൽ ഗോകുൽ സുരേഷ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ സജീവമായി കഴിഞ്ഞു. ഇളയ മകനായ മാധവ്, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും മുഖം കാണിച്ചു. സഹോദരന്മാർക്ക് പിന്നാലെ സുരേഷ് ഗോപിയുടെ പെൺമക്കളും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

മോഡലിംഗിലൂടെയാണ് ഭാഗ്യ സുരേഷും, ഭാവ്നി സുരേഷും ക്യാമറയെ അഭിമുഖീകരിക്കുന്നത്. വേദിക ബൊട്ടീക്കിന്റെ ഓണം സ്പെഷ്യൽ സാരി കളക്ഷനിലാണ് ഇരുവരും മോഡലായി എത്തിയിരിക്കുന്നത്. പൊതുവേദികളിലും താര വിവാഹങ്ങളിലുമെല്ലാം ശ്രദ്ധ കേന്ദ്രമാകാറുണ്ട് ഭാഗ്യയും ഭാവ്നിയും. അതുകൊണ്ടു തന്നെ മികച്ച സ്വീകാര്യതയാണ് ഇവരുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. സാരിയും ചുരിദാറും കുർത്തിയുമൊക്കെയാണ് ഇവർ പരിചയപ്പെടുത്തുന്നത്.

അടുത്തിടെ നടി ഭാമയുടെ വിവാഹ റിസപ്ഷനിലും സുരേഷ് ഗോപിയുടെ ജന്മദിനത്തിലുമെല്ലാം താരപുത്രികൾ ശ്രദ്ധാകേന്ദ്രമായിരുന്നു. സഹോദരന്മാർക്ക് പിന്നാലെ ഭാഗ്യയും ഭാവ്നിയും സിനിമയിലേക്കെത്തുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ഭാഗ്യ സുരേഷിന് അഭിനയത്തേക്കാൾ പ്രിയം പാട്ടിനോടാണ്. മുത്തുഗൗ എന്ന ചിത്രത്തിലൂടെ ഗോകുൽ സുരേഷ് സിനിമയിലേക്ക് എത്തിയപ്പോൾ തന്നെ ഭാഗ്യ തന്റെ സ്വപ്നങ്ങൾ പാട്ടിനൊപ്പമാണെന്ന് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, നല്ലൊരു യൂട്യൂബർ ആകണമെന്നാണ് ഭാഗ്യയുടെ ലക്ഷ്യം. കവർ സോങ്ങുകളിലൂടെ പാട്ടിനോടുള്ള ഇഷ്ടവും ഭാഗ്യ തെളിയിച്ചിരുന്നു. എന്നാൽ, ഭാവ്നി സുരേഷ് ഫാഷൻ ഡിസൈനിംഗ് രംഗത്താണ് പ്രവർത്തിക്കുന്നത്. ഇളയ സഹോദരനായ മാധവ് സുരേഷ് ഒരു ഫുട്ബോൾ താരമാകണമെന്ന ആഗ്രഹത്തിലുമാണ്.

അതേസമയം, കൈനിറയെ ചിത്രങ്ങളുമായി ഇടവേളയ്ക്ക് ശേഷം സജീവമാകുകയാണ് സുരേഷ് ഗോപി. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗോകുൽ സുരേഷും ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകുകയാണ്.

Story highlights- onam special photo shoot by suresh gopi’s daughters