25 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി ‘പറയുവാന്‍ ഇതാദ്യമായി…’ ഗാനം: നന്ദിയറിയിച്ച് ആന്‍ ശീതള്‍

Ishq movie parayuvaan video song gets 25 million YouTube views

പ്രണയഗാനങ്ങള്‍ക്കെന്നും ആസ്വാദകര്‍ ഏറെയാണ്. മനോഹരമായ ഒരു മഴനൂല് പോലെ അവയങ്ങനെ പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങുന്നു. കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷക മനസുകളില്‍ ഇത്തരം മനോഹര പ്രണയ ഗാനങ്ങള്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കാറുമുണ്ട്. ഇഷ്‌ക് എന്ന ചിത്രത്തിലെ പറയുവാന്‍ ഇതാദ്യമായി എന്ന പ്രണയഗാനവും ആസ്വാദകര്‍ ഹൃദയത്തിലേറ്റി. പാട്ട് പ്രേക്ഷകരിലേക്ക് എത്തയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും പലര്‍ക്കും പ്രിയപ്പെട്ടതാണ് ഈ ഗാനം. യുട്യൂബില്‍ 25 മില്യണിലധികം ആളുകളാണ് മനോഹരമായ ഈ പ്രണയഗാനം കണ്ടതും.

തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാമാണ് ഈ മനോഹര ഗാനത്തിന്റെ ആലാപനം. ജെയ്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ജോ പോളിന്‍റേതാണ് ഗാനത്തിലെ വരികള്‍. ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക് ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ….’, ‘കണ്ണാന കണ്ണേ…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ സിദ് ശ്രീറാമിന്റെ പറയുവാന്‍ ഇതാദ്യമായ്… എന്ന ഗാനവും കൈയടികളോടെയാണ് ആസ്വാദകര്‍ ഏറ്റെടുത്തത്.

Read more: ‘ആലാപനം തേടും തായ്മനം’; മകൾക്കൊപ്പം പാട്ട് ആസ്വദിച്ചും പാടിയും പഠിപ്പിച്ചും ജോജു ജോർജ്, ക്യൂട്ട് വീഡിയോ

അതേസമയം അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയനടനായി മാറിയ ഷെയ്ന്‍ നിഗം നായകനായെത്തിയ ചിത്രമാണ് ‘ഇഷ്‌ക്’. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടിയതും. അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ആന്‍ ശീതളും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തി. പാട്ടിന് ഇത്രയേറെ കാഴ്ചക്കാരെ ലഭിച്ചതില്‍ സമൂഹമാധ്യമങ്ങളിലൂടെ താരം നന്ദിയും അറിയിച്ചു.

Story highlights: Ishq movie parayuvaan video song gets 25 million YouTube views