ധീരതയ്ക്ക് ഗോള്‍ഡ് മെഡല്‍ നേടിയ എലി; റിയല്‍ സൂപ്പര്‍ ഹീറോ

Magawa rat awarded gold medal

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. വേണ്ടിവന്നാല്‍ ചിലപ്പോള്‍ ഒരു എലി പോലും ജീവിതത്തില്‍ സൂപ്പര്‍ഹീറോയായി മാറും. ധീരതയ്ക്കുള്ള ഗോള്‍ഡ് മെഡല്‍ നേടിയ ഒരു എലിയുണ്ട്. കഥകളിലോ നോവലുകളിലോ സിനിമകളിലോ ഒന്നുമല്ല കംബോഡിയ എന്ന രാജ്യത്ത്.

മഗാവ എന്നാണ് ഈ എലിയുടെ പേര്. ആള് നിസ്സാരക്കാരനല്ല. ലാന്‍ഡ്‌മൈന്‍ ഡിറ്റക്ഷന്‍ റാറ്റാണ് മഗാവ. ഭൂമിക്കടിയില്‍ പൊട്ടാതെ കിടക്കുന്ന മൈനുകള്‍ തിരിച്ചറിയുന്ന എലിയാണ് ഇത്. മഗാവയുടെ ഈ പ്രവര്‍ത്തനം നിരവധിപ്പേരുടെ ജീവന്‍ രക്ഷിക്കുന്നു. അതുകൊണ്ടാണ് പീപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍ സിക്ക് ആനിമല്‍സ് (പിഡിഎസ്എ) മഗാവയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കിയത്.

പിഡിഎസ്എ ആദ്യമായാണ് ഒരു മൃഗത്തിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കുന്നതും. ലാന്‍ഡ്‌മൈനുകള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച മഗാവ ഏറെ അര്‍പ്പണ ബോധത്തോടെയാണ് തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം. എപിഒപിഒ എന്ന എന്‍ജിഒയാണ് എലിക്ക് പരിശീലനം നല്‍കിയത്. ചെറുപ്രായം മുതല്‍ക്കേ പരിശീലനം നേടിയ മഗാവ ടെസ്റ്റുകളിലും വിജയിച്ച് തന്റെ കഴിവ് തെളിയിച്ച ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്.

ഏഴ് വര്‍ഷത്തോളമായി മഗാവ ലാന്‍ഡ്‌മൈനുകള്‍ കണ്ടെത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടിട്ട്. കംബോഡിയയില്‍ പൊട്ടാതെ കിടക്കുന്ന ദശലക്ഷക്കണക്കിന് ലാന്‍ഡ്‌മൈനുകള്‍ ഉണ്ട്. വര്‍ഷങ്ങളായി ഇത് കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലക്ഷക്കണക്കിന് ലാന്‍ഡ്‌മൈനുകള്‍ കണ്ടെത്തിയിട്ടുമുണ്ട്. മനുഷ്യരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് മഗാവയുടെ പ്രവര്‍ത്തനം. ലാന്‍ഡ്‌മൈന്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ മഗാവ കൃത്യമായ സിഗ്നല്‍ നല്‍കും. 39 ലാന്‍ഡ്‌മൈനുകള്‍ കണ്ടെത്തിയിട്ടുണ്ട് ഈ എലി.

Story highlights: Magawa rat awarded gold medal