അമിതഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം പപ്പായ

Papaya for reduce fat

അമിതഭാരം അകറ്റാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. കൃത്യതയില്ലാത്ത ഭക്ഷണരീതിയും ഫാസ്റ്റ് ഫുഡിന്റെ അമിതോപയോഗവും ഒക്കെയാണ് പലരുടേയും അമിതഭാരത്തിന് കാരണം. വ്യായമത്തിനൊപ്പം തന്നെ കൃത്യമായ ഡയറ്റും ക്രമപ്പെടുത്തേണ്ടതുണ്ട് അമിതഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍. ഇത്തരക്കാര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പപ്പായ. വീട്ടുവളപ്പിലും വിപണികളിലുമെല്ലാം സുലഭമാണ് പപ്പായ. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പപ്പായയുടെ സ്ഥാനം. പോഷക സമ്പന്നമാണ് പപ്പായ. അതുകൊണ്ട് തന്നെ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

പപ്പായയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ദഹനം സുഗമമാക്കാന്‍ സഹായിക്കുന്നു. പഴുത്ത പപ്പായയേക്കാള്‍ ഗുണങ്ങളുണ്ട് പച്ച പപ്പായയില്‍. പാപെയ്ന്‍ എന്ന എന്‍സൈം പച്ച പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ എന്‍സൈം ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പച്ച പപ്പായ കഴിക്കുന്നത് നല്ലതാണ്.

പച്ച പപ്പായ ജ്യൂസായി കുടിക്കുന്നതും കറിവെച്ചു കഴിക്കുന്നതും സാലഡില്‍ ഉള്‍പ്പെടുത്തുന്നതുമൊക്കെ ആരോഗ്യകരമാണ്. ബ്രേക്ക് ഫാസ്റ്റിലും രാത്രി ഭഷണത്തിലുമെല്ലാം പപ്പായ ഉള്‍പ്പെടുത്താവുന്നതാണ്. കലോറി വളരെ കുറവാണ് പപ്പായയില്‍. ശരീരത്തിലെ വിഷാംശത്തെ ഇല്ലായ്മ ചെയ്യാനും പപ്പായ സഹായിക്കുന്നു. ഒരു പരിധി വരെ വിശപ്പിനെ നിയന്ത്രിക്കാനും പപ്പായ സഹായിക്കുന്നു. അതുകൊണ്ടു തന്നെ പപ്പായ കഴിച്ചുകൊണ്ട് അമിതഭാരത്തെ നിയന്ത്രിക്കാം.

Story highlights: Papaya for reduce fat