വാട്ടർ സ്കീയിങ്ങിൽ ലോക റെക്കോർഡ് നേടി ആറുമാസം പ്രായമായ കുഞ്ഞ്; പ്രതികൂലിച്ചും അനുകൂലിച്ചും സൈബർ മീഡിയ

September 22, 2020

പലപ്പോഴും മുതിർന്നവരെ പോലും അത്ഭുതപ്പെടുത്താറുണ്ട് കുഞ്ഞുങ്ങളുടെ ചില കഴിവുകൾ. അത്തരത്തിൽ ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു കുട്ടിത്താരമാണ് ആറു മാസം മാത്രം പ്രായമായ റിച്ച് ഹംഫറിസ്‌. വളരെയധികം പരിശീലനം ആവശ്യമുള്ള വാട്ടർ സ്കീയിങ് വളരെ അനായാസം നടത്തിയാണ് ഈ കൊച്ചുകുഞ്ഞ് കാഴ്ചക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തുന്നത്. അമേരിക്കയിലെ പവൽ തടാകത്തിൽ വാട്ടർ സ്കീയിങ്ങ് നടത്തുന്ന ഈ ആറു മാസക്കാരിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

വാട്ടർ സ്കീയിങ്ങ് നടത്തുന്ന ഏറ്റവും  പ്രായം കുറഞ്ഞ വ്യക്തി എന്ന ലോക റെക്കോർഡ് നേടിക്കഴിഞ്ഞു റിച്ച് ഹംഫറിസ്. എന്നാൽ ഈ കുഞ്ഞിനെ ഇത്ര വലിയ സാഹസത്തിന് ഭാഗമാക്കിയതിന് ഈ കുഞ്ഞിന്റെ മാതാപിതാക്കളെ എതിർത്ത് നിരവധിപ്പേർ എത്തുന്നുണ്ട്. ഇത് വലിയ അപകടമാണെന്നും മാതാപിതാക്കൾക്കെതിരെ ആക്ഷൻ എടുക്കണം എന്നുമാണ് മിക്കവരും ആവശ്യപ്പെടുന്നത്. അതിന് പുറമെ ആറു മാസം മാത്രം പ്രായമായ കുട്ടിയെ ഇത്തരത്തിൽ അധികനേരം നിർത്തുന്നത് കുട്ടിയുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കും എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം അത്തരത്തിൽ ലോകത്തെ മുഴുവൻ ഞെട്ടിച്ച മറ്റൊരു കുട്ടിത്താരമാണ് നാല് വയസുകാരൻ ജൊവൗ വൈറ്റർ. സർഫിങ്ങ് വളരെ അനായാസം നടത്തിയാണ് ഈ കൊച്ചുമിടുക്കൻ കാഴ്ചക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തിയത്. ബ്രസീൽ സ്വദേശിയായ ജൊവൗ വൈറ്റർ രണ്ടാം വയസിൽ തന്നെ സർഫിങ്ങ് ചെയ്തു തുടങ്ങിയിരുന്നു. വളരെ വേഗത്തിൽ സർഫിങ്ങ് പഠിച്ചെടുത്ത ജൊവൗ വിദഗ്ധരായ സർഫർമാരെ പോലെ ആരുടെയും സഹായമില്ലാതെ ഇപ്പോൾ തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാൻ പഠച്ചുകഴിഞ്ഞു. അച്ഛനും ചേച്ചിക്കും ഒപ്പമാണ് ജൊവൗ വൈറ്റർ സർഫിങ് പരിശീലനം ആരംഭിച്ചത്

Story Highlights:video of youngest water skier in the world