ഇത് മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രം; ‘ചക്രം’ സെറ്റിലെ ചിത്രം പങ്കുവെച്ച് വിദ്യാ ബാലൻ

വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് വിദ്യാ ബാലൻ. സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പമുള്ള ഒരു പഴയകാല ചിത്രമാണ് വിദ്യാ ബാലൻ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലെ വിദ്യാ ബാലന്റെ ആദ്യ ചിത്രമായ ചക്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘2000 … എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം. മോഹൻലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിച്ചു, ചിത്രം ഞാൻ വിചാരിച്ചത്ര മോശമല്ല,” എന്ന അടിക്കുറുപ്പോടെയാണ് വിദ്യാ ബാലൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാൽ, ദിലീപ്, വിദ്യാ ബാലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ചക്രം. എന്നാൽ പല കാരണങ്ങളാൽ ചിത്രം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം വർഷങ്ങൾക്ക് ശേഷം ഇതേ ചിത്രം പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസ് സംവിധാനം ചെയ്തിരുന്നു.

അതേസമയം ബോളിവുഡിൽ നിറസാന്നിധ്യമായ വിദ്യ ബാലന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ശകുന്തള ദേവി. ഇന്ത്യന്‍ ഹ്യൂമന്‍ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം പറയുന്ന ചിത്രത്തിന് വേണ്ടിയുള്ള വിദ്യാ ബാലന്റെ മെയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. ബംഗാളി നടനായ ജിഷു സെന്‍ഗുപ്തയാണ് ചിത്രത്തില്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവായെത്തുന്നത്. അനു മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Story Highlights: vidya balans throwback picture with mohanlal