വിഷ്ണു ഉണ്ണികൃഷ്‌ണൻ ചിത്രം ‘രണ്ട്’ ഒരുങ്ങുന്നു; ഗാനങ്ങൾ ഒരുക്കാൻ ബിജിപാൽ

September 19, 2020

നടനായും തിരക്കഥാകൃത്തായും വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്‌ണൻ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.‘രണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മ്യൂസിക് റെക്കോർഡിങ് വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്‌റ്റുഡിയോയിൽ വെച്ചായിരുന്നു റെക്കോർഡിങ്. ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.

സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ബിനു ലാൽ ഉണ്ണിയുടേതാണ്. പ്രജീവ് സത്യവ്രതനാണ് ചിത്രം നിര്‍മിക്കുന്നത്. അന്ന രേഷ്മരാജൻ ആണ് ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായെത്തുന്നത്. നാട്ടുംപുറത്തുകാരനായ വാവ എന്ന കഥാപാത്രമായാണ് വിഷ്ണു ചിത്രത്തിൽ അഭിനയിക്കുന്നത്. ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also: ഇത് ആസ്ബെസ്റ്റോസ്; പേരിലെ ചീത്തപ്പേര് മാറ്റാൻ ഒരുങ്ങി ഒരു നഗരം

‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ താരം സിനിമ മേഖലയിൽ സജീവമായി. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും തിളങ്ങുന്ന താരം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്. ‘കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ’, ‘ശിക്കാരി ശംഭു’, ‘വികടകുമാരൻ’, ‘യമണ്ടൻ പ്രേമകഥ’, ‘നിത്യഹരിതനായകൻ’ തുടങ്ങിയ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്.

Story Highlights: vishnu unnikrishnan movie randu