ദൃശ്യചാരുതയില്‍ മനോഹരമായ ഒരു മെലഡി; ഹലാല്‍ ലവ് സ്‌റ്റോറിയിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു

Bismillah Video Song Halal Love Story

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സക്കരിയ മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ‘ഹലാല്‍ ലവ് സ്റ്റോറി’. ചിത്രം ഒക്ടോബര്‍ 15ന് പ്രേക്ഷകരിലേക്കെത്തും. ആമസോണ്‍ പ്രൈമിലൂടെയാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ റിലീസ്.

ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ബിസ്മില്ല എന്നു തുടങ്ങുന്ന ഗാനം ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു. ഷഹബാസ് അമന്‍ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. മുഹ്‌സിന്‍ പരാരിയുടേതാണ് ഗാനത്തിലെ വരികള്‍. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്‌ന ആസിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സംവിധായകന്‍ സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ‘ഹലാല്‍ ലവ് സ്റ്റോറി’ എന്ന പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സൈജു ശ്രീധര്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു. ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ ചേര്‍ന്ന് സംഗീതം ഒരുക്കുന്നു.

സക്കരിയ മുഹമ്മദ് സംവിധാനം നിര്‍വഹിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. സൗബിന്‍ ഷാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് ഇത്. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയാളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. നിരവധി പുരസ്‌കാരങ്ങളും ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം നേടിയിരുന്നു.

Story Highlights: Bismillah Video Song Halal Love Story