കേന്ദ്ര കഥാപാത്രങ്ങളായി മംമ്തയും ചെമ്പന്‍ വിനോദും; ‘അണ്‍ലോക്ക്’ ഒരുങ്ങുന്നു

Chemban vinod and Mamtha Mohandas new film

മലയാളികളുടെ പ്രിയതാരങ്ങളായ ചെമ്പന്‍ വിനോദും മംമ്താ മോഹന്‍ ദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. അണ്‍ലോക്ക് എന്നാണ് സിനിമയുടെ പേര്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും.

സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഡബിള്‍സ്, വന്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് അണ്‍ലോക്ക്. ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ഷാജി നവോദയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം സംവിധായകരായ സിദ്ദിഖ്, ഷാഫി എന്നിവരുടെ സഹ സംവിധായകനായി സിനിമാരംഗത്തെത്തിയതാണ് സോഹന്‍ സീനുലാല്‍. ആക്ഷന്‍ ഹീറോ ബിജു, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഡ്രൈവിങ് ലൈസന്‍സ്, ഉണ്ട തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്.

Story highlights: Chemban vinod and Mamtha Mohandas new film