ആശ്വാസദിനം; രാജ്യത്ത് മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,791 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,97,063 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 67,33,328 പേരും രോഗമുക്തരായി.

അതേസമയം കൊറോണ വൈറസ് ബാധ മൂലം ഇന്നലെ മാത്രം മരണത്തിന് കീഴടങ്ങിയത് 587 പേരാണ്. 1,15,197 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 88 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്‌ ആറായിരത്തിനടുത്ത് കേസുകൾ മാത്രമാണ്. 5984 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. മരണ സംഖ്യയിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 125 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.

Read also: ‘ദശരഥ’ത്തിന്റെ 31 വർഷങ്ങൾ- ‘ദശരഥത്തിലെ രാജീവ് മേനോൻ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ്’ വ്യത്യസ്തമായ കുറിപ്പുമായി വിജയ് ശങ്കർ ലോഹിതദാസ്

കർണാടകയിൽ 5018 പേർക്കും, തമിഴ്‌നാട്ടിൽ 3536 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ 5022 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 2000-ത്തിന് താഴെയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ.

Story Highlights: covid-19 number of cases coming down in India