ശരീരം മുഴുവന്‍ അലങ്കരിക്കും; ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ഈ ഞണ്ടുകളുടെ ഉപായം ഇങ്ങനെ

October 19, 2020
Decorator crab use materials from their environment

കല്യാണം, ബെര്‍ത്‌ഡേ പാര്‍ട്ടി, എന്നു തുടങ്ങി ഏത് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴും നാം നല്ല വസ്ത്രങ്ങള്‍ ഒക്കെ ധരിച്ച് അല്‍പം ഭംഗി കൂട്ടാറുണ്ട്. എന്നാല്‍ ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ശരീരം അലരിക്കുന്ന ആരേയെങ്കിലും കുറിച്ച് കേട്ടിട്ടുണ്ടോ. അങ്ങനേയും ഉണ്ട് ഒരു ജീവി. അതായത് ഡെക്കറേറ്റര്‍ ക്രാബ്‌സ്. മനുഷ്യരെ പോലും അതിശയിപ്പിക്കാറുണ്ട് ഈ ഞണ്ടുകള്‍.

ഇത്തരത്തില്‍ ശരീരം അലങ്കരിച്ചു നടക്കുന്ന ഞണ്ടുകള്‍ മജോയ്ഡിയ എന്ന വര്‍ഗത്തില്‍പ്പെട്ട ചിലയിനങ്ങളാണ്. ഇവയുടെ ശരീരത്തിന്റെ പുറം ഭാഗത്തായി ചെറിയ ചില കുറ്റി രേമങ്ങളുണ്ട്. പശപശപ്പോടു കൂടിയ ഈ രോമങ്ങള്‍ ഉപയോഗിച്ച് ഈ ഞണ്ടുകള്‍ സമീപത്തുള്ള ചില ചെറിയ വസ്തുക്കള്‍ ശരീരത്തില്‍ ഒട്ടിപ്പിടിപ്പിക്കുന്നു. അതും ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍. ഇര പിടിക്കാനായി വരുന്ന മറ്റ് ജീവികളില്‍ നിന്നും രക്ഷ നേടുന്നതിനു വേണ്ടിയാണ് ഇവ ശരീരം വ്യത്യസ്ത തരത്തില്‍ അലങ്കരിക്കുന്നത്.

പ്രധാനമായും ആഴക്കടലിലെ സസ്യങ്ങളേയും പായലുകളേയുമൊക്കെയാണ് ഡെക്കറേറ്റര്‍ ക്രാബ്സ് ഇത്തരത്തില്‍ ശരീരത്തിലെ പുറംതോടിനോട് ചേര്‍ത്തുവയ്ക്കുന്നത്. ചിലപ്പോള്‍ കടലിലെ ചെറു പ്രാണികള പോലും ഈ ഞണ്ടുകള്‍ ശരീരത്തോട് ചേര്‍ത്തു വയ്ക്കാറുണ്ട്. ഏതെങ്കിലും ഒരു വസ്തു ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്‍കാലുകള്‍ കൊണ്ട് അവയ്ക്ക് ചില മാറ്റങ്ങള്‍ വരുത്തും. അതിനുശേഷമാണ് കുറ്റിരോമങ്ങളില്‍ പതിപ്പിച്ചു വയ്ക്കുന്നത്. മാത്രമല്ല വസ്തുക്കളുടെ ഉറപ്പും ഗുണനിലവാരവും ഭംഗിയും ഒക്കെ നോക്കിയാണ് ഇവ ശരീരത്തോട് ചേര്‍ക്കുന്നതും.

Story highlights: Decorator crab use materials from their environment