കൊവിഡ് ബാധിതരുടെ മുഖത്ത് ചിരി നിറയ്ക്കാന്‍ പിപിഇ കിറ്റ് ധരിച്ച് ഡോക്ടറുടെ തകര്‍പ്പന്‍ ഡാന്‍സ്: വൈറല്‍ വീഡിയോ

Doctor dancing with PPE kit

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നാം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ പങ്കു വഹിക്കുന്നുണ്ട് ആരോഗ്യപ്രവര്‍ത്തകര്‍. ഇപ്പോഴിതാ കൊവിഡ് രോഗികളുള്ള വാര്‍ഡില്‍ രോഗികളുടെ മുഖത്ത് ചിരി നിറയ്ക്കാനായി നൃത്തം ചെയ്യുന്ന ഒരു ഡോക്ടറുടെ വീഡിയോ ശ്രദ്ധ നേടുന്നു.

പിപിഇ കിറ്റ് ധരിച്ചാണ് ഡോക്ടര്‍ നൃത്തം ചെയ്യുന്നത്. അനൂപ് സേനാപതി എന്നാണ് ഈ ഡോക്ടറുടെ പേര്. അസ്സാമിലെ സില്‍ച്ചര്‍ മെഡിക്കല്‍ കോളജില്‍ ഇഎന്‍ടി സര്‍ജനാണ് ഇദ്ദേഹം. മാനസികമായും വിഷമം അനുഭവിക്കുന്ന അവസ്ഥയിലായിരിക്കും പല കൊവിഡ് ബാധിതരും. ഇവരുടെ മുഖത്ത് ചിരി നിറയ്ക്കുന്നതിനുവേണ്ടിയാണ് ഡോക്ടര്‍ അനൂപ് നൃത്തം ചെയ്തത്.

സഹപ്രവര്‍ത്തകനായ ഡോക്ടര്‍ സയ്ദ് ഫൈസാന്‍ ആണ് കൊവിഡ് വാര്‍ഡില്‍ രോഗികള്‍ക്കായി മനോഹരമായ നൃത്തം ചെയ്യുന്ന ഡോക്ടര്‍ അനൂപിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഇതാണ് കൊവിഡ് ഡ്യൂട്ടിയില്‍ എന്റെ സഹപ്രവര്‍ത്തകനായ സില്‍ചാര്‍ മെഡിക്കല്‍ കോളജിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. അനൂപ് സേനാപതി. കൊവിഡ് ബാധിതര്‍ക്ക് മുമ്പില്‍ അവരെ സന്തോഷിപ്പിക്കാനായി ഡോക്ടര്‍ നൃത്തം ചെയ്യുന്നു’ എന്ന അടിക്കുറിപ്പിനൊപ്പം ആണ് വീഡിയോ പങ്കുവെച്ചത്.

Story highlights: Doctor dancing with PPE kit