എന്തിര ലോകത്ത് സുന്ദരിയേ…; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഗാനം പുറത്ത്

Endhira Logathu Sundariye video song

എന്തിര ലോകത്ത് സുന്ദരിയേ… ആ പാട്ട് ഓര്‍മ്മയില്ലേ… സംവിധായകന്‍ ശങ്കറിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ 2.0 എന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം. ചിത്രം പ്രേക്ഷകരിലേക്കെത്തിയിട്ട് രണ്ട് വര്‍ഷത്തോളമായി. എങ്കിലും സിനിമയുടെ ഓര്‍മ്മകള്‍ വിട്ടകന്നിട്ടില്ല സിനിമാ ആസ്വാദകരില്‍ നിന്നും.

ഇപ്പോഴിതാ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്തെത്തിയരിക്കുകയാണ് ചിത്രത്തിലെ എന്തിര ലോകത്ത് സുന്ദരിയേ എന്ന വീഡിയോ ഗാനം. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് വീഡിയോ ഗാനം ഔദ്യോഗികമായി പുറത്തുവിട്ടത്.

എ ആര്‍ റഹ്‌മാനാണ് ഗാനത്തിന് സംഗാതം പകര്‍ന്നിരിക്കുന്നത്. സിദ് ശ്രീറാമും ഷാഷ തിരുപ്പതിയും ചേര്‍ന്നാണ് ആലാപനം. രജനികാന്ത് നായകനായെത്തിയ ചിത്രമാണ് 2.0. ദൃശ്യവിസ്മയങ്ങളുടെ തകര്‍പ്പന്‍ വിരുന്നാണ് ചിത്രം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചതും. കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ മൊബൈല്‍ഫോണുകള്‍ക്കും ചിത്രത്തില്‍ കാര്യമായ പങ്കുവഹിച്ചു. ഏകദേശം ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകളാണ് ചിത്രത്തിനായി ഉപയോഗിച്ചത്.

മൊബൈല്‍ഫോണില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്‍ പക്ഷികളുടെ ജീവന് നേരെ ഉയര്‍ത്തുന്ന ഭീഷണിയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. രജനികാന്തിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. എമി ജാക്സനാണ് 2.0യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. 2010 ല്‍ പുറത്തിറങ്ങിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് ‘2.0’.

Story highlights: Endhira Logathu Sundariye video song