അപ്പൂപ്പൻതാടിയോ വെളുത്ത മുടിയോ അല്ല, ഇത് ഹെയർ ഐസ്; പ്രകൃതി ഒരുക്കിയ അപൂർവ പ്രതിഭാസം

പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളെയും പലപ്പോഴും അത്ഭുതത്തോടെയാണ് മനുഷ്യൻ നോക്കികാണാറുള്ളത്. ഇപ്പോഴിതാ കാഴ്ചയിൽ ഏറെ അത്ഭുതപ്പെടുത്തുന്ന അപ്പൂപ്പൻതാടി പോലുള്ള മഞ്ഞിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കൗതുകമാകുന്നത്. മരച്ചില്ലകളിൽ പ്രത്യക്ഷപ്പെടുന്ന ഈ മഞ്ഞുകൾ ആദ്യ കാഴ്ചയിൽ അപ്പൂപ്പൻ താടി ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. എന്നാൽ അടുത്ത് ചെന്ന് നോക്കുമ്പോൾ മാത്രമാണ് ഇവ ഐസ് പാളികൾ ആണെന്ന് അറിയുക.

മരച്ചില്ലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇവ വെളുത്ത മുടി നാരിഴകളോട് സമാനമായതിനാൽ ഇവയെ ഹെയർ ഐസ് എന്നാണ് പൊതുവെ വിളിക്കുന്നത്. മഞ്ഞിൻതാടിയെന്നും മഞ്ഞിൻ കമ്പിളി എന്നുമൊക്കെ വിളിക്കാറുള്ള ഇവ പ്രകൃതി ഒരുക്കുന്ന അപൂർവ കാഴ്ചയാന്നെന്നാണ് ശാസ്ത്രലോകം പറയുന്നത്. 2015 ലാണ് ഇവയെ അവസാനമായി കണ്ടത്. എന്നാൽ അതിന് ഏകദേശം 100 വർഷങ്ങൾ മുൻപ് മാത്രമാണ് ഹെയർ ഐസ് ആദ്യമായി കണ്ടത്.

Read also:ഉറങ്ങും മുൻപ് മഞ്ഞൾപാൽ; ഗുണങ്ങൾ വിവരിച്ച് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റ്

വളരെ അപൂർവമായി മാത്രം കണ്ടിരുന്ന ഇവയെക്കുറിച്ചുള്ള പഠനങ്ങളും വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. കൊടുംതണുപ്പ് കാലത്ത് സൂര്യ പ്രകാശം എത്തിപ്പെടാത്ത പ്രദേശങ്ങളിലാണ് ഇവ പൊതുവെ ഉണ്ടാകാറുള്ളത്. ഒരു തരം ഫംഗസ് ആണ് ഇവ രൂപപ്പെടുന്നതിന് കാരണം എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇവയ്ക്ക് മുടിനാരു പോലുള്ള രൂപമുണ്ടാകുന്നതിനു കാരണം എക്സിഡിയോപ്സിസ് എഫൂസ എന്നയിനം ഫംഗസുകളാണ്. സാധാരണ ഐസുകളെ അപേക്ഷിച്ച് ഹെയർ ഐസ് കൂടുതൽ സമയം ക്രിസ്റ്റൽ രൂപത്തിൽ നിലനിൽക്കും. മനുഷ്യന്റെ മുടിയോളം തന്നെ കനമുണ്ടാകാറുള്ള ഇവയുടെ നീളം 20 സെന്റീമീറ്റർ വരെയാണ്.

Story Highlights:Hair ice mystery