കേരളത്തിന്റെ ഗ്രാമഭംഗിക്കൊപ്പം മാപ്പിള പാട്ടിന്റെ ഇശലോടെ ‘ഹലാൽ ലൗ സ്റ്റോറി’യിലെ ഗാനം

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സക്കരിയ മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ‘ഹലാല്‍ ലവ് സ്റ്റോറി’. ചിത്രം ഒക്ടോബര്‍ 15ന് പ്രേക്ഷകരിലേക്കെത്തും. ആമസോണ്‍ പ്രൈമിലൂടെയാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.’സുന്ദരനായവനേ സുബ്‍ഹാനല്ലാ…’ എന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് ഗാനമൊരുക്കിയിരിക്കുന്നത്. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് ഈണം നൽകിയതും ആലപിച്ചിരിക്കുന്നതും ഷഹബാസ് അമനാണ്.

ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ ശ്രദ്ധനേടിയിരുന്നു. പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്ന ആസിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സംവിധായകന്‍ സക്കരിയ മുഹമ്മദും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ‘ഹലാല്‍ ലവ് സ്റ്റോറി’ എന്ന പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സൈജു ശ്രീധര്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു. ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ ചേര്‍ന്ന് സംഗീതം ഒരുക്കുന്നു.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. സൗബിന്‍ ഷാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് ഇത്. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയാളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. നിരവധി പുരസ്‌കാരങ്ങളും ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം നേടിയിരുന്നു.

Story highlights: Halal Love Story music