രാജ്യത്തെ കൊവിഡ് ബാധിതർ 81 ലക്ഷം കടന്നു; ആശ്വാസമായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്

October 31, 2020
new Covid cases

മാസങ്ങള്‍ ഏറെയായി കൊവിഡ്- 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട്. കൊറോണ വൈറസ് വ്യാപനത്തെ പൂര്‍ണമായും ചെറുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും രോഗികളുടെ എണ്ണത്തില്‍ വരുന്ന കുറവ് ആശ്വാസം പകരുന്നു. രോഗമുക്തി നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 48,268 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്ന് 81,37, 119 ആയി.

അതേസമയം രാജ്യത്തെ മരണനിരക്ക് 1.49 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 551 കൊവിഡ് മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 1,21,641 പേര്‍ രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 74 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 91.3 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 59,454 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5,82,649 ആണ്. മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് നിലവിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

Story Highlights: India Covid Updates