ഐപിഎൽ; രാജസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡൽഹി

ഇന്ത്യൻ പ്രീമിയർ ലീഗ് 13- ആം സീസണിലെ രണ്ടാം ഘട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം.

കഴിഞ്ഞ ഏഴു മത്സരങ്ങളിൽ നിന്നുമായി അഞ്ച് വിജയം നേടിയ ഡൽഹി ക്യാപിറ്റൽസ് പത്ത് പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് വിജയങ്ങൾ നേടിയ രാജസ്ഥാൻ ആറു പോയിന്റുമായി നിലവിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്.

അതേസമയം തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം നേടിയ വിജയത്തിന്റ ആവേശത്തിലാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനെ നേരിട്ട അതേ ടീമിലാണ് രാജസ്ഥാൻ ഇക്കുറിയും ഇറങ്ങുന്നത്. ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സും കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുൽ തെവാത്തിയയുമാണ് രാജസ്ഥാന്റെ പ്രതീക്ഷ. അതേസമയം കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യമാകാതിരുന്ന സ്റ്റോക്സ് ഇത്തവണ മികച്ച ഫോമിൽ എത്തുമെന്നാണ് രാജസ്ഥാൻ കരുതുന്നത്. സഞ്ജു സാംസൺ ടീമിലെ നില ഭദ്രമാക്കുമെന്നുള്ള പ്രതീക്ഷയിലാണ് മലയാളികളും. മത്സരത്തിനൊരുങ്ങുന്ന ഡൽഹിയിലെ പ്രമുഖ താരങ്ങളുടെ പരിക്ക് ടീമിനെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്.

സീസണില്‍ നേരത്തെ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹിയാണ് വിജയം നേടിയത്. ഡല്‍ഹി ഉയര്‍ത്തിയ 185 ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 138 റണ്‍സിന് ഓൾ ഔട്ട് ആക്കുകയായിരുന്നു.

ഡൽഹി ക്യാപിറ്റൽസ് : ശിഖർ ധവാൻ, പൃഥ്വി ഷാ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, മാർക്കസ് സ്റ്റോയ്നിസ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), തുഷാർ ദേശ്‌ പാണ്ഡെ, അക്സർ പട്ടേൽ, കഗിസോ റബാദ, ആർ.അശ്വിൻ, ആൻറിച് നോർജെ

രാജസ്ഥാൻ റോയൽസ് : ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), ബെൻ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുൽ തെവാത്തിയ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, കാർത്തിക് ത്യാഗി, ജയ്ദേവ് ഉനദ്കട്.

Story Highlights: delhi capitals vs rajasthan royals 30th match