മീശ പിരിച്ച് ധവാൻ, സൂപ്പർ ഹീറോയായി അക്‌സർ പട്ടേൽ; ഡൽഹിക്ക് തകർപ്പൻ ജയം

October 17, 2020

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് ഡൽഹി മറികടന്നത്. ശിഖർ ധവാന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഡൽഹിയ്ക്ക് വിജയം അനായാസമാക്കിയത്. അവസാന ഓവറിൽ ജഡേജയെ മൂന്ന് സിക്‌സറുകൾ പറത്തി അക്സർ പട്ടേൽ സൂപ്പർ ഹീറോയായി മാറി.

തകർച്ചയോടെ ആയിരുന്നു ഡൽഹിയുടെ തുടക്കം. പൃഥ്വി ഷാ റൺസൊന്നും നേടാതെ പുറത്തായി. തുടർന്നെത്തിയ അജിൻക്യ രഹാനെയ്ക്കും അധികം പിടിച്ചു നിൽക്കാൻ ആയില്ല. ശിഖർ ധവാനോടൊപ്പം ക്യാപ്റ്റൻ ശ്രേയസ് അയ്യർ കൂടി ചേർന്നതോടെ ഡൽഹി സ്കോറിങ് വേഗത്തിലായി. 58 പന്തിൽ നിന്നും 15 ബൗണ്ടറികളുടെ സഹായത്തോടെ 101 റൺസുമായി ധവാൻ പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ 23 പന്തിൽ നിന്നും 23 റൺസ് നേടിയപ്പോൾ മാർക്കസ് സ്റ്റോയ്നിസ് 14 പന്തിൽ നിന്നും 24 റൺസും നേടി. അഞ്ച് പന്തിൽ നിന്നും മൂന്ന് സിക്‌സറുകൾ ഉൾപ്പടെ 21 റൺസ് നേടിയ അക്‌സർ പട്ടേലാണ് ഡൽഹിയുടെ വിജയശില്പി.

ചെന്നൈയ്ക്ക് വേണ്ടി ദീപക് ചാഹര്‍ രണ്ടും ഷാര്‍ദുല്‍ ഠാക്കൂര്‍, സാം കറണ്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയിരുന്നു. അർധ സെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലെസിസും 45 റൺസ് നേടിയ അമ്പാട്ടി റയ്ഡുവും ചെന്നൈയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ സ്കോർ 179-ൽ എത്തിച്ചത്. 13 പന്തിൽ നിന്നും നാല് സിക്സുകൾ ഉൾപ്പെടെ 33 റൺസാണ് ജഡേജ അടിച്ചുകൂട്ടിയത്. 47 പന്തിൽ നിന്നും എട്ട് ബൗണ്ടറികളോടെ 58 റൺസാണ് ഫാഫ് ഡുപ്ലെസിസ് നേടിയത്. 25 പന്തിൽ നിന്നും 45 റൺസാണ് അമ്പാട്ടി റയ്ഡു നേടിയത്. ഡൽഹിയ്ക്ക് വേണ്ടി ആൻറിച് നോർജെ രണ്ട് വിക്കറ്റും കഗിസോ റബാദ, തുഷാർ ദേശ്‌ പാണ്ഡെ എന്നിവരും ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്നത്തെ വിജയത്തോടെ, ഒമ്പത് മത്സരങ്ങളിൽ നിന്നും ഏഴ് ജയങ്ങളുമായി 14 പോയിന്റ് നേടി പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാമതാണ്. അതേസമയം ചെന്നൈ സൂപ്പർ കിങ്‌സ് ആറു പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

Story Highlights: Ipl wins DC