ഗെയിൽ അവതരിച്ചു; താണ്ഡവമാടി രാഹുലും, പഞ്ചാബിന് ആവേശ വിജയം

October 15, 2020

ഐ പി എല്ലിൽ ബാംഗ്ലൂരിനെതിരെ പഞ്ചാബിന് 8 വിക്കറ്റ് വിജയം. ബാംഗ്ലൂർ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് പഞ്ചാബ് മറികടന്നത്. ക്യാപ്റ്റൻ കെ എൽ റാഹുലിന്റെയും ക്രിസ് ഗെയിലിന്റെയും മികച്ച ബാറ്റിങ്ങാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്.

172 റൺസ് പിന്തുടർന്ന കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച തുടക്കമാണ് ക്യാപ്റ്റൻ രാഹുലും മായങ്ക് അഗർവാളും ചേർന്ന് നൽകിയത്. തുടക്കത്തിൽ തന്നെ ആഞ്ഞടിച്ച മായങ്ക് അഗർവാൾ 25 പന്തിൽ നിന്നും മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 45 റൺസുനേടി. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രാഹുലിന്റെയും ക്രിസ് ഗെയിലിന്റെയും മികച്ച പ്രകടനം ബാംഗ്ലൂർ ബൗളർമാരെ സമ്മർദ്ദത്തിലാക്കി.. ഐ പി എല്ലിൽ ഈ സീസണിൽ ആദ്യമായി ഇറങ്ങിയ ക്രിസ് ഗെയിൽ തന്റെ സീസണിലെ അരങ്ങേറ്റം ഗംഭീരമാക്കി. 45 പന്തിൽ നിന്നും അഞ്ച് സിക്‌സറുകൾ ഉൾപ്പെടെ ഗെയിൽ 53 റൺസ് നേടി. 49 പന്തിൽ നിന്നും 61 റൺസ് നേടിയ കെ എൽ രാഹുൽ അഞ്ച് സിക്സറുകളാണ് ഗ്യാലറിയിലേക്ക് പകർത്തിയത്. അവസാന ഓവറിലെ അവസാന പന്തിൽ പഞ്ചാബിന് വേണ്ടി നിക്കോളാസ് പുറാൻ സിക്സർ നേടി പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ ടീമിന് വേണ്ടി ഓപ്പണർമാരായ ആരോൺ ഫിഞ്ചും (20 റൺസും) ദേവ്ദത്ത് പടിക്കലും (18 റൺസും) മികച്ച തുടക്കമാണ് കാഴ്ചവെച്ചത്. കോലി 39 പന്തിൽ നിന്നും 48 റൺസ് നേടി. ബാറ്റിംഗ് ഓഡറിൽ വരുത്തിയ മാറ്റം ബാംഗ്ലൂരിന് വിനയായി. പതിവിലും വിപരീതമായി ആറാമനായി ഇറങ്ങിയ എബി ഡിവില്ലിയേഴ്‌സിന് തിളങ്ങാൻ ആയില്ല. അവസാന ഓവറിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ക്രിസ് മോറിസാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. എട്ട് പന്തിൽ നിന്നും മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ ക്രിസ് മോറിസ് 25 റൺസ് നേടി. പഞ്ചാബിനായി മുഹമ്മദ് ഷമിയും മുരുകൻ അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

വിജയം നേടിയെങ്കിലും നാല് പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് പഞ്ചാബ്.

Story Highlights: ipl wins kxip