ബാംഗ്ലൂരിന് 360 ഡിഗ്രി വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് വിജയം. ബാംഗ്ലൂരിനു വേണ്ടി തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ച എ ബി ഡിവില്ലിയേഴ്‌സ് ആണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. 178 വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിനു വേണ്ടി ക്യാപ്റ്റൻ വീരാട് കോലി 32 പന്തിൽ നിന്നും രണ്ടു സിക്‌സും ഒരു ഫോറും ഉൾപ്പെടെ 43 റൺസ് നേടി. ആറു സിക്‌സറുകൾ ഉൾപ്പെടുന്ന 55 റൺസ് നേടിയ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു എ ബി ഡിവില്ലിയേഴ്‌സിന്റേത്. 11 ബോളിൽ നിന്നും 14 റൺസുമായി ആരോണ്‍ ഫിഞ്ചും, 37 പന്തിൽ നിന്നും രണ്ട് ഫോർ ഉൾപ്പെടെ 35 റൺസ് നേടി ദേവ്‌ദത്ത് പടിക്കലും, ഗുര്‍ക്രീത് സിംഗ് മാൻ 17 പന്തിൽ നിന്നും 19 റൺസും നേടി ടീമിന് മികച്ച പിന്തുണ നൽകി. രാജസ്ഥാൻ റോയൽസിന് വേണ്ടി രാഹുല്‍ തിവാട്ടിയ, ശ്രേയാസ് ഗോപാല്‍, കാര്‍ത്തിക് ത്യാഗി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയ്‌ദേവ് ഉനദ്‌ഘട്ട് എറിഞ്ഞ, 19-മത്തെ ഓവറിൽ മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 25 റൺസാണ് ബാംഗ്ലൂർ അടിച്ചെടുത്തത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്ത്, റോബിന്‍ ഉത്തപ്പ എന്നിവരുടെ പ്രകടനമാണ് രാജസ്ഥാന് കരുത്ത് പകർന്നത്. 36 പന്തിൽ നിന്നും 57 റൺസ് നേടി സ്മിത്തും 22 പന്തിൽ നിന്നും 41 റൺസ് നേടി ഉത്തപ്പയും ടീമിന് ആശ്വാസമായി. ഇത്തവണയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജു സാംസണ്‍ സാധിച്ചില്ല. ആറ് പന്തില്‍ നിന്നും 9 മാത്രമാണ് സഞ്ജു നേടിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ക്രിസ് മോറിസ് നാലും യുസ്‌വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റുമാണ് വീഴ്ത്തിയത്.

9 മത്സരങ്ങളിൽ നിന്നുമായി ആറു വിജയവും മൂന്ന് തോൽവികളുമായി 12 പോയിന്റുകളോടെ പോയിന്റ് പട്ടികയിൽ മൂന്നാമതാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ.

Story Highlights: ipl2020 royal challengers bangalore vs rajasthan royals