കേരളത്തിൽ വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യത

October 13, 2020

കേരളത്തിൽ ഇന്നുമുതൽ വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അതിശക്തമായ മഴയ്‌ക്കാണ്‌ സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ആന്ധ്ര തീരം വഴി കരയിൽ പ്രവേശിച്ചതിനാലാണ് മഴ ശക്തമാകുന്നത്.

കോഴിക്കോട് ഓറഞ്ച് അലർട്ടും, മറ്റ് പതിമൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഒഴികെയുള്ള 11 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.

Read More: സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്; 7723 പേർക്ക് രോഗമുക്തി

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

Story highights- kerala rain alert