കണ്ണിൽ കൗതുകവുമായി ഷൂട്ടിംഗ് കാണാനെത്തിയ ‘കുഞ്ഞ് അതിഥി’- ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയങ്കരനായ താരപുത്രനാണ് ഇസഹാക്ക്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകനായ ഇസഹാക്കിന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ജീവിതത്തിലേക്ക് ഇസഹാക്ക് എത്തിയതോടെ കുഞ്ചാക്കോ ബോബന്റെ ലോകം തന്നെ കുഞ്ഞിലേക്ക് ഒതുങ്ങി. ഇപ്പോഴിതാ, നായാട്ട് എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയ ഇസഹാക്കിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് താരം.

ജന്മദിനം ആഘോഷിക്കുന്ന ജോജു ജോർജ് നായാട്ടിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോജുവിന് ജന്മദിനം ആശംസിച്ച് പങ്കുവെച്ച കുറിപ്പിനൊപ്പമാണ് ഇസഹാക്കിന്റെ ചിത്രവും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. ചാക്കോച്ചന്റെ കയ്യിലിരുന്ന് കൗതുകത്തോടെ ഷൂട്ടിംഗ് സാമഗ്രികൾ തൊട്ടുനോക്കുന്ന ഇസഹാക്കിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

ലോക്ക് ഡൗൺ സമയത്ത് ഇസഹാക്കിന്റെ ഒട്ടേറെ വിശേഷങ്ങൾ കുഞ്ചാക്കോ പങ്കുവെച്ചിരുന്നു. കൊവിഡ്-19 പ്രതിസന്ധിയിലായിരുന്നതിനാൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഇസഹാക്കിന്റെ പിറന്നാൾ ആഘോഷ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു.nനീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. മലയാളികൾ ഓരോരുത്തരും അവർക്കായി പ്രാർത്ഥനയോടെ കാത്തിരുന്നു. 

‘അഞ്ചാം പാതിരാ’യായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായി അവസാനം തിയേറ്ററിയിലെത്തിയ ചിത്രം. മികച്ച നിരൂപക പ്രശംസയാണ് ചിത്രം നേടിയത്. പുതുവർഷ റിലീസായി എത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരുന്നു ‘അഞ്ചാം പാതിരാ’. മിഥുൻ മാനുവൽ ആയിരുന്നു സംവിധാനം.

Read More: ‘ഉണർന്നിരുപ്പോഴും സ്വപ്നങ്ങൾ കണ്ട സുഹൃത്തിന്..’- ജോജുവിന്‌ പിറന്നാൾ ആശംസിച്ച് രമേഷ് പിഷാരടി

അതേസമയം, നായാട്ട്, നിഴൽ തുടങ്ങിയ ത്രില്ലർ സ്വഭാവമുള്ള ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെ വരാനിരിക്കുന്ന സിനിമകൾ. നിഴൽ എന്ന ചിത്രത്തിലൂടെ നയൻതാരയ്ക്കൊപ്പം വേഷമിടാൻ ഒരുങ്ങുകയാണ് താരം. നായാട്ട് എന്ന ചിത്രത്തിൽ നിമിഷ സജയനാണ് നായിക.

Story highlights- kunchacko boban sharing izahaak’s photo