‘പരിഷ്ക്കാരങ്ങളുടെ ആലങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല; പക്ഷെ, ഒന്നറിയാം’- പാത്തുവിന് ആശംസയറിയിച്ച് മല്ലിക സുകുമാരൻ

പ്രാർത്ഥനയുടെ ജന്മദിനത്തിൽ ആശംസകളുടെ പെരുമഴയാണ്. നിരവധിപ്പേരാണ് താരപുത്രിക്ക് ജന്മദിനം ആശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ, എല്ലാവരിൽ നിന്നും വ്യത്യസ്തമായ ആശംസയാണ് അമ്മൂമ്മയായ മല്ലിക സുകുമാരൻ ആദ്യത്തെ പേരക്കിടാവിന്‌ നൽകിയിരിക്കുന്നത്.

‘അമ്മൂമ്മയുടെ പ്രാർത്ഥന മോൾക്ക് ഇന്ന് പതിനാറാം ജന്മദിനം… സൗന്ദര്യത്തിൻ്റേയോ , പരിഷ്ക്കാരങ്ങളുടേയോ ആലങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല…. ഒന്നറിയാം… അച്ഛച്ഛന് പ്രിയപ്പെട്ട ഗാനങ്ങൾ പാടി ഞാൻ ഉറക്കിയിരുന്ന എൻ്റെ പാത്തുമോൾ ഇന്ന് കൗമാരത്തിലേക്ക് കടക്കുന്നത് സന്തോഷത്തോടെ കാണുന്നു…. എൻ്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കിടാവ്….. പാത്തുക്കുട്ടാ…. അമ്മൂമ്മയുടെ പ്രാർത്ഥനയും അനുഗ്രഹാശിസ്സുകളും…’- മല്ലിക സുകുമാരൻ കുറിക്കുന്നു. പ്രാർത്ഥനയും നക്ഷത്രയും ആരാധ്യയുമാണ് മല്ലിക സുകുമാരന്റെ ചെറുമക്കൾ.

മകളുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് ആശംസകൾ അറിയിച്ചെങ്കിലും ഇന്ദ്രജിത്തിന് ഹൃദ്യമായ ചില കാര്യങ്ങൾ കൂടി പാത്തുവിനോട് പറയാനുണ്ട്. വളരെ മനോഹരമായ, പ്രാർത്ഥനയ്ക്ക് പ്രചോദനമാകുന്ന വാക്കുകളാണ് ഇന്ദ്രജിത്ത് പങ്കുവയ്ക്കുന്നത്.

‘ഒരു ചെറിയ പെൺകുട്ടിയിൽ നിന്ന് നീ ഇന്നത്തെ ദയാലുവായ, സെൻസിറ്റീവായ, സുന്ദരിയായ വ്യക്തിയിലേക്ക് വളരുന്നത് കാണുമ്പോൾ എനിക്ക് ഇതൊരു അത്ഭുതകരമായ യാത്രയാണ്. ഞാൻ നിന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു, അതിന് ഞാൻ നന്ദി പറയുന്നു! നിനക്ക് വളരെയധികം സ്നേഹമുള്ള തങ്കം പോലൊരു ഹൃദയം ഉണ്ട്, അതാണ് പ്രധാനം. അച്ചയും അമ്മയും ഇപ്പോഴും നിന്നെക്കുറിച്ച് അഭിമാനിക്കും! സംഗീതവും നിഷ്‌കളങ്കതയും സജീവമായി നിലനിർത്തുക! ഹാപ്പി 16..’- ഇന്ദ്രജിത്ത് കുറിക്കുന്നു.

Read More: ‘ഇതാണെന്റെ പുതിയ സുഹൃത്ത്’- കുതിര സവാരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് തൃഷ

മലയാളികളുടെ ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. സിനിമകളിൽ രണ്ടു പേരും വളരെ സജീവമാണ്. സോഷ്യൽ മീഡിയയിലെയും നിറസാന്നിധ്യമാണ് പൂർണിമ. മക്കളായ പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തുമൊക്കെ ഇൻസ്റ്റാഗ്രാമിലെ താരങ്ങളാണ്.

Story highlights- mallika sukumaran about prarathana indrajith