ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘മൂക്കുത്തി അമ്മൻ’- ട്രെയ്‌ലർ എത്തി

നയൻ‌താര നായികയാകുന്ന മൂക്കുത്തി അമ്മൻ ട്രെയ്‌ലർ എത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ പതിനാലിന് എത്തുന്ന ചിത്രം സറ്റയർ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആള്‍ദെെവങ്ങളേയും വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളേയുമെല്ലാം വിമർശിക്കുന്ന ചിത്രമാണ് മൂക്കുത്തി അമ്മാൻ.

വിജയദശമിക്ക് മുന്നോടിയായാണ് ട്രെയ്‌ലർ എത്തിയത്. ആർ‌ജെ ബാലാജിയും എൻ‌ ജെ ശരവണനും ചേർന്നൊരുക്കിയ ചിത്രം രാജ്യത്തെ ബാധിക്കുന്ന നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ്. നയന്‍താര മൂക്കുത്തി അമ്മനായി എത്തുന്ന ചിത്രത്തില്‍ ഉര്‍വശിയും എത്തുന്നുണ്ട്. ദെെവമില്ലെന്ന് പറയുന്നവനെ വിശ്വസിക്കാം, എന്നാല്‍ ഒരു ദെെവത്തെ മാത്രം വിശ്വസിച്ച് മറ്റ് ദെെവങ്ങളെ കുറ്റം പറയുന്നവരെ വിശ്വസിക്കരുതെന്ന് പറയുന്ന നയന്‍താരയുടെ ഡയലോഗോടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്.

ആർ‌ജെ ബാലാജിയുടെ അമ്മ വേഷത്തിലാണ് ഉർവശി എത്തുന്നത്. അമ്മയും സഹോദരിമാരുമൊത്ത് കഷ്ടത നിറഞ്ഞ ജീവിതം നയിക്കുന്ന ബാലാജി പൂർവിക ക്ഷേത്രത്തിൽ എത്തുന്നതോടെയാണ് നയൻതാരയുടെ വരവ്.

Read More: പാട്ടുകളോ നായികമാരോ ഇല്ലാതെ തമിഴകത്ത് ഹിറ്റായ സിനിമ- ‘കൈതി’യുടെ ഓർമ്മ പുതുക്കി കാർത്തി

കൊറോണ വൈറസ് പ്രതിസന്ധി കാരണം മാർച്ചിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം ദീപാവലി ദിനത്തിലേക്ക് മാറ്റിവെക്കുകയായിരുന്നു. വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി കെ ഗണേഷ് നിർമ്മിച്ചചിത്രത്തിൽ സംഗീതസംവിധായകൻ ഗിരീഷ് ജി, ഛായാഗ്രാഹകൻ ദിനേശ് കൃഷ്ണൻ, എഡിറ്റർ ആർ കെ സെൽവ എന്നിവരുമുണ്ട്.

Story highlights- mookkuthi amman trailer