ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചുതകർത്തു; മുംബൈ ഇന്ത്യൻസിന് എട്ട് വിക്കറ്റ് വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് എട്ട് വിക്കറ്റ് വിജയം. ഓപ്പണർ ക്വിന്റൻ ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയ്ക്ക് വിജയം അനായാസം ആക്കിയത്. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം 17- ആം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. മുംബൈ ഇന്ത്യസിന് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മയും ക്വിന്റൻ ഡി കോക്കും മികച്ച പ്രകടനം നടത്തി. 44 പന്തിൽ നിന്നും 12 ബൗണ്ടറികളുടെ സഹായത്തോടെ ഡി കോക്ക് 78 റൺസ് നേടിയപ്പോൾ 35 റൺസായിരുന്നു രോഹിത് ശർമ്മയുടെ സമ്പാദ്യം. 11 ബോളിൽ നിന്നും 21 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ മുംബൈയുടെ വിജയം വേഗത്തിലാക്കി.‌ പത്ത് റൺസ് നേടിയ സൂര്യകുമാർ യാദവിന്റേയും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. കൊൽക്കത്തയ്ക്ക് വേണ്ടി ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ 148 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. മികച്ച രീതിയിൽ പന്തെറിഞ്ഞ മുംബൈ ബോളിങ് നിരയുടെ മുൻപിൽ കൊൽക്കത്തയുടെ ബാറ്റ്‌സ്‍മാൻമാർ പതറുകയായിരുന്നു. ഏഴാമനായി ഇറങ്ങിയ പാറ്റ് കമ്മിൻസിന്റെ അർദ്ധ സെഞ്ച്വറിയാണ് കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 36 പന്തിൽ നിന്നും ഏഴ് ബൗണ്ടറികൾ ഉൾപ്പെടെ 53 റൺസ് ആണ് കമ്മിൻസ് നേടിയത്. 39 റൺസോടെ ക്യാപ്റ്റൻ ഒയിൻ മോർഗൻ‌ മികച്ച പിന്തുണ നൽകി. മുംബൈയ്ക്ക് വേണ്ടി രാഹുൽ ചഹാർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ട്രെന്റ് ബോൾട്ട്, നേഥന്‍ കോള്‍ട്ടര്‍നൈല്‍, ജസ്പ്രീത് ബുമ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഈ വിജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതായി. എട്ട് മത്സരങ്ങളിൽ നിന്നും ആറു ജയത്തോടെ 12 പോയിന്റാണ് മുംബൈയ്ക്ക് ഉള്ളത്. 12 പോയിന്റാണ് ഡൽഹി ക്യാപിറ്റൽസിനുമെങ്കിലും നെറ്റ് റൺ റൈറ്റിന്റെ വ്യത്യാസത്തിലാണ് മുംബൈ ഒന്നാം സ്ഥാനത്ത് എത്തിയത്.

Story Highlights: Mumbai Indians win