സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയ്ക്ക് പിറന്നാള്‍ ആശംസകളുമായി ടീം പടവെട്ട് സംഘം: വീഡിയോ

Music Director Govind Vasantha Birthday Celebration Team Padavettu

നിവിന്‍ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത പിറന്നാള്‍ നിറവിലാണ്. സോംഗ് റെക്കോഡിംഗിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു കൊണ്ടാണ് പടവെട്ട് ടീം ഗോവിന്ദ് വസന്തയ്ക്ക് പിറന്നാള്‍ ആശംസിച്ചത്.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ ഒരുങ്ങുന്ന പടവെട്ടിന്റെ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ ലിജു കൃഷ്ണയാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. പടവെട്ട് സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ്. വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നതും. അന്‍വര്‍ അലിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്.

ഗോവിന്ദിനോടൊപ്പം, ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും ചിത്രത്തില്‍ പാടുന്നുണ്ട്. ”വോയിസ് ഓഫ് വോയിസ്ലെസ്” എന്ന മലയാളം റാപ്പ് സോംഗിലൂടെ പ്രേക്ഷക ശ്രദ്ധയാര്‍ജ്ജിച്ച വേടന്‍ ആദ്യമായി സിനിമയില്‍ പാടുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതയായ അദിതി ബാലനാണ് ചിത്രത്തിലെ നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Music Director Govind Vasantha Birthday Celebration Team Padavettu