ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ വേടന്‍ പാടുന്നു; ‘പടവെട്ട്’ ഒരുങ്ങുന്നു

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പടവെട്ട്’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ‘സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും’. എന്ന അടിക്കുറിപ്പോടെ നിവിന്‍ പോളി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സംഗീതത്തിന് വളരെയേറെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോർഡിങ് വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അൻവർ അലിയുടെ വരികൾക്ക് ഈണം ഒരുക്കുന്നത് സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ്. പടവെട്ടിന്റെ റെക്കോര്‍ഡിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നത്. ഗോവിന്ദിനോടൊപ്പം, ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും പാടുന്നു. “വോയിസ്‌ ഓഫ് വോയിസ്‌ലെസ്” എന്ന മലയാളം റാപ്പ് സോങ്ങിലൂടെ പ്രേക്ഷക ശ്രദ്ധയാര്‍ജ്ജിച്ച വേടന്‍ ആദ്യമായി സിനിമയില്‍ പാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വരാനിരിക്കുന്ന മലയാളം ചിത്രങ്ങളില്‍ ഇതിനോടകം ഏറ്റവും പ്രതീക്ഷ നല്‍കുന്ന ബിഗ്‌ ബഡജറ്റ് ചിത്രമാണ് പടവെട്ട്.

നവാഗതനായ ലിജു കൃഷ്ണ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ലിജു കൃഷ്ണ തന്നെയാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘അരുവി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് പടവെട്ടില്‍ നായിക കഥാപാത്രമായെത്തുന്നത്. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

ദീപക് ഡി മേനോന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിബിന്‍ പോള്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു.

Story Highlights: nivin pauly padavettu music govind vasantha