ചോറ് മാത്രമല്ല, ഐസ്‌ക്രീമും വിളമ്പാം വാഴയിലയില്‍: വൈറലായി ചിത്രം

Pic of ice cream served in banana leaf cup

വാഴയിലയോട് അല്‍പം ഇഷ്ടം കൂടുതലാണ്. പ്രത്യേകിച്ച് ചല ഭക്ഷണ പ്രേമികള്‍ക്ക്. നല്ല തൂശനിലയില്‍ സാമ്പാറും അവിയലും പപ്പടവും പായസവും കൂട്ടി ചോറുണ്ണാനും, വാട്ടിയ വാഴയിലയിലെ പൊതിച്ചോറ് കഴിക്കാനും പലരും ആഗ്രഹിക്കുന്നു. എന്തിനേറെ പറയുന്ന കിഴി പൊറോട്ടയും പൊതി ബിരിയാണിയും വരെ വാഴയിലയുടെ അകമ്പടിയോടെയാണ് പലരുടേയും രുചിയിടങ്ങള്‍ കീഴടക്കിയത്.

എന്നാല്‍ വാഴയിലയില്‍ ചോറും ബിരിയാണിയും മാത്രമല്ല ഐസ്‌ക്രീമും വിളമ്പാം. ഇത് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും അതിശയിച്ചേക്കാം. കാരണം വാഴയിലയിലെ ഐസ്‌ക്രീം പലര്‍ക്കും അപരിചിതമാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഐസ്‌ക്രീം കപ്പായി മുഖംമിനുക്കിയ ഒരു വാഴയിലയുടെ ചിത്രം.

നോര്‍വേയിലെ മുന്‍ പരിസ്ഥിതി മന്ത്രിയായ എറിക് സൊലെയിം ട്വിറ്ററില്‍ പങ്കുവെച്ചതാണ് വ്യത്യസ്തമായ ഈ ചിത്രം. വാഴയില മടക്കി കപ്പിന്റെ രൂപത്തിലാക്കി അതില്‍ ഐസ്‌ക്രീമും നിറച്ചിരിക്കുന്നു. ഇതിനൊപ്പം തന്നെ മുള ഉപയോഗിച്ച് തയാറാക്കിയ സ്പൂണും ചിത്രത്തില്‍ കാണാം.

ഈ ചിത്രം ഇന്ത്യയില്‍ നിന്നാണെന്നും പ്ലാസ്റ്റിക് സത്യത്തില്‍ ആവശ്യമില്ലെന്നും എറിക് ട്വീറ്റ് ചെയ്തു. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നതും. ഐസ്‌ക്രീം കമ്പനികള്‍ ഈ ആശയം സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

Story highlights: Pic of ice cream served in banana leaf cup