ഇരുപതു വർഷങ്ങൾക്ക് മുൻപ് പ്രിയങ്ക ചോപ്രയെ മിസ് ഇന്ത്യ കിരീടം ചൂടിച്ച ഉത്തരം- ശ്രദ്ധ നേടി വീഡിയോ

അന്തർദേശീയ ശ്രദ്ധ നേടിയ ഇന്ത്യൻ താരമാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ മത്സര വേദിയിൽ നിന്നും സിനിമാലോകത്തേക്ക് എത്തിയ പ്രിയങ്ക ഇന്ന് ഹോളിവുഡിൽ പോലും സാന്നിധ്യമറിയിച്ച താരമാണ്. 20 വർഷം നീണ്ട സിനിമാ ജീവിതത്തിനെക്കുറിച്ച് പുസ്‌തകവും പുറത്തിറക്കി താരം. ഇപ്പോഴിതാ, മിസ് ഇന്ത്യ കിരീടം ചൂടാൻ പ്രിയങ്കയെ സഹായിച്ച ഉത്തരം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. രസകരമായതും പ്രാധാന്യമുള്ളതുമായ ഒരു ചോദ്യമാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.

‘ഏദൻ തോട്ടത്തിലെ പോലീസ് ഓഫീസറാണ് നിങ്ങളെങ്കിൽ പാപം ചെയ്ത കുറ്റത്തിന് നിങ്ങൾ ആരെയാണ് കുറ്റം ചുമത്തുക? ആദമിനെയോ ഹവ്വയെയോ അതോ സർപ്പത്തിനെയോ?’- ഇതായിരുന്നു ചോദ്യം. മത്സരത്തിന്റെ അവസാന റൗണ്ടിൽ ആതിഥേയനായ രാഹുൽ ശർമ്മയാണ് പ്രിയങ്കയോട് ഈ ചോദ്യം ഉന്നയിച്ചത്.

പ്രിയങ്കയുടെ മറുപടിയാണ് ശ്രദ്ധ നേടിയത്.’ ഞാൻ ഏദൻ തോട്ടത്തിലെ പോലീസ് ഓഫീസറായിരുന്നുവെങ്കിൽ,സർപ്പമായെത്തിയ സാത്താനെ ശിക്ഷിക്കും. തിന്മ സൃഷ്ടിക്കപ്പെട്ടതല്ല, ഉത്തേജിക്കപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. സാത്താൻ ശെരിയാണെന്ന് ഹവ്വ കരുതി. അവൾ അവനെ വിശ്വസിച്ചു. പക്ഷാപാതമില്ലാതെ നല്ലതും ചീത്തയും മനസിലാക്കുക എന്നതിലെ ധാർമികതയാണ് നമുക്ക് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുക’- പ്രിയങ്ക ചോപ്ര പറയുന്നു. മിസ് ഇന്ത്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 2000ലാണ് പ്രിയങ്ക മിസ് ഇന്ത്യ കിരീടം ചൂടിയത്.

അതേസമയം, കടന്നുവന്ന ജീവിതാനുഭവങ്ങളെക്കുറിച്ച് ഓർമ്മക്കുറിപ്പ് എഴുതുന്നതിന്റെ പണിപ്പുരയിലാണ് പ്രിയങ്ക. അൺഫിനിഷ്ഡ് എന്ന് പേരിട്ടിരിക്കുന്ന ഓർമ്മക്കുറിപ്പ് വിപണിയിലെത്തിക്കാനുള്ള തിരക്കിലാണ് താരം. വെള്ളിത്തിരയിൽ പ്രിയങ്കയെ അവസാനമായി കണ്ടത് ‘ദി സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിലാണ്. ഫർഹാൻ അക്തറും സൈറ വസീമുമായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

Story highlights- priyanka chopra miss India speech