‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്’- ഗംഭീര പരിവർത്തനവുമായി സിമ്പുവിന്റെ രണ്ടാം വരവ്- വീഡിയോ

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സിലമ്പരശൻ എന്ന സിമ്പു. മടങ്ങിവരവിൽ പങ്കുവെച്ചിരിക്കുന്നത് ശാരീരികമായുള്ള ഗംഭീര പരിവർത്തനമാണ്. പരാജയങ്ങൾ കാരണം കരിയറിൽ ഇനി സിമ്പുവിന് ഒരു മടങ്ങിവരവുണ്ടാകില്ല എന്നുപോലും ആരാധകർ വിധിയെഴുതിയ സമയമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ലോക്ക് ഡൗൺ കാലം അദ്ദേഹം എത്രമാത്രം മനോഹരമായി വിനിയോഗിച്ചു എന്നതിനുള്ള തെളിവാണ്.

ആത്മൻ എന്ന പേരിലാണ് സിമ്പു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വർക്ക് ഔട്ട്, കളരിപ്പയറ്റ്, ശാരീരിക അഭ്യാസങ്ങൾ തുടങ്ങി കഠിന പ്രയത്നം തന്നെയാണ് താരം നടത്തിയിരിക്കുന്നത്. വീഡിയോയിൽ മുഖം വ്യക്തമാക്കിയിട്ടില്ലെങ്കിലും ശാരീരികമായി വലിയ മാറ്റം സിമ്പുവിനുണ്ടെന്ന് മനസിലാകും. തന്റെ 46മത്തെ ചിത്രത്തിനായുള്ള ലുക്കിലാണ് താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിജയദശമി ദിനത്തിൽ പുറത്തുവിടും.

സിമ്പുവിന്റെ അടുത്ത സുഹൃത്തായ മഹത്തിന്റെ വാക്കുകളാണ് വീഡിയോക്ക് പിന്നാലെ ആരാധകർ ഏറ്റെടുക്കുന്നത്. ഈ ക്വാറന്റീൻ കാലം ഏറ്റവും പോസിറ്റീവായി ചിലവഴിച്ച വ്യക്തിയെന്നാണ് മഹത് സിമ്പുവിനെ വിശേഷിപ്പിക്കുന്നത്. സിമ്പു പങ്കുവെച്ച വീഡിയോ അദ്ദേഹത്തിന്റെ ശാരീരിക പരിവർത്തനം കാണിക്കാനോ മറ്റുള്ളവരുടെ മുന്നിൽ സ്വയം ബോധ്യപ്പെടുത്താനോ അല്ലെന്നും അദ്ദേഹത്തിന്റെ ആത്മാവിന്റെ തന്നെ സ്വയം പരിവർത്തനമാണെന്നും മഹത് പറയുന്നു.

അതുപോലെ തന്നെ സംഗീത സംവിധായകൻ എസ് തമൻ STR46നായി ഒരു ഗാനം രചിക്കുന്നതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ അടുത്ത ചിത്രത്തിൽ സിമ്പുവിനായി സംഗീതംഒരുക്കുന്നതിൽ ആവേശമുണ്ടെന്ന് അദ്ദേഹം പങ്കുവെച്ചു. ‘തിരികെ സ്വാഗതം.. നിങ്ങളുടെ യാത്രയുടെ ഭാഗമായതിൽ സന്തോഷമുണ്ട് പ്രിയ സഹോദരാ.. STR46 ഇന്ന് ആരംഭിച്ചു’ – തമൻ പോസ്റ്റ് ചെയ്യുന്നു.

2017ൽ റിലീസ് ചെയ്ത ‘അൻപാനവൻ, അടങ്കാതവൻ, അസറാതവൻ’ എന്ന ചിത്രത്തിന്റെ പരാജയത്തോടെ സിലമ്പരശന്റെ കരിയർ അവസാനിച്ചു എന്ന രീതിയിൽ പോലും ചർച്ചകൾ നടന്നു. എന്നാൽ, തൊട്ടടുത്ത വര്ഷം ചെക്കാ ചെവന്ത വാനം എന്ന ചിത്രത്തിൽ മടങ്ങിവന്നെങ്കിലും മൾട്ടിസ്റ്റാർ ചിത്രമായതുകൊണ്ട് സിമ്പുവിന് പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാണ് സിമ്പു നായകനായി ഒരു ചിത്രം കാണാൻ സാധിക്കുക എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വെങ്കട്ട് പ്രഭുവിനൊപ്പം മാനാട് എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. പക്ഷെ, അവിടെയും ചർച്ചയായത് സിമ്പുവിന്റെ ശരീരമാണ്. അമിതവണ്ണമാണെന്നും ഇനി ഒരു മാറ്റമുണ്ടാകില്ലെന്നും വിധി എഴുതിയ പ്രേക്ഷകർക്ക് മുന്നിൽ അമ്പരപ്പിക്കുന്ന മാറ്റവുമായാണ് സിമ്പു എത്തിയിരിക്കുന്നത്.

Story highlights- silambarasan transformation video