ശ്രദ്ധനേടി സൂര്യയും അപർണയും ഒന്നിച്ച ‘ആഗാസം’ ഗാനം

October 23, 2020

തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സുരരൈ പോട്രു’. അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആഗാസം എന്ന ഗാനം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജിവി പ്രകാശ് കുമാറും തൈക്കുടം ബ്രിഡ്ജും ചേർന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അരുൺ രാജകാമരാജ് എഴുതിയ വരികൾആലപിച്ചിരിക്കുന്നത് ക്രിസ്റ്റിൽ ജോസും ഗോവിന്ദ് വസന്തയും ചേർന്നാണ്.

ഇരുതി സുട്രിലൂടെ ശ്രദ്ധേയനായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. സൂര്യയുടെ 38- മത്തെ സിനിമയാണ് ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം.

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.  

https://www.youtube.com/watch?v=QdjUbGRiE1o&feature=emb_title

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് സൂര്യ. അതുകൊണ്ടുതന്നെ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുക. ശരവണന്‍ ശിവകുമാര്‍ എന്നായിരുന്നു സൂര്യയുടെ ആദ്യത്തെ പേര്. എന്നാല്‍ സിനിമയിലെത്തിയപ്പോള്‍ സൂര്യ എന്നായി. 1997ല്‍ തിയേറ്ററുകളിലെത്തിയ ‘നേര്‍ക്കുനേര്‍’ എന്ന ചിത്രത്തിലൂടെ സൂര്യ ചലച്ചിത്ര അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു.

2001-ല്‍ ബാല സംവിധാനം ചെയ്ത ‘നന്ദ’ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. സൂര്യ എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു നന്ദ. പിന്നീട് ‘ഗജിനി’യിലൂടെ പ്രേക്ഷക മനസ്സുകളില്‍ നിത്യമായ സ്ഥാനം നേടി സൂര്യ എന്ന മഹാനടന്‍. ‘കാക്ക കാക്ക’, ‘പിതാമഗന്‍’, ‘ആയുധ എഴുത്ത്’, ‘സില്ലന് ഒരു കാതല്‍’, ‘അയന്‍’, ‘ആദവന്‍’ തുടങ്ങി അഭിനയിച്ച എല്ലാ ചിത്രങ്ങളിലേയും കഥാപാത്രങ്ങള്‍ സൂര്യ അവിസ്മരണീയമാക്കി.

Story highlights: Soorarai Pottru Aagasam song