ക്രിക്കറ്റില്‍ മാത്രമല്ല സിനിമയിലും ഒരു ഇന്നിങ്‌സ് കളിച്ചിട്ടുണ്ട് വരുണ്‍ ചക്രവര്‍ത്തി: വീഡിയോ

Varun Chakravarthy in a Tamil movie

വരുണ്‍ ചക്രവര്‍ത്തി എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും ആവേശത്തോടെയാണ് കായിക പ്രേമികള്‍ വരുണിനെ ഹൃദയത്തിലേറ്റിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കളിക്കുന്ന ഈ സ്പിന്നര്‍ ആളു ചില്ലറക്കാരനല്ല.

വരുണ്‍ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ട ഒരു കൗതുകമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ക്രിക്കറ്റില്‍ ശോഭിക്കുന്നതിന് മുന്നേ തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് വരുണ്‍. അതും ഒരു ക്രിക്കറ്റ് പ്ലെയറായിട്ട്. 2014-ല്‍ പ്രേക്ഷകരിലേക്കെത്തിയ തമിഴ് ചിത്രം ജീവയിലാണ് വരുണ്‍ ചക്രവര്‍ത്തി അഭിനയിച്ചത്. തമിഴിനാട് ക്രിക്കറ്റിലെ ജാതി രാഷ്ട്രീയം പ്രമേയമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു ഇത്. വിഷ്ണു വിശാല്‍, ശ്രീദിവ്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് സുശീന്തരനാണ്.

ജാതിപ്രശ്‌നം നിമിത്തം ഇന്ത്യന്‍ ടീമില്‍ അവസരം നഷ്ടമായ തമിഴ്താരത്തിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിഷ്ണു വിശാല്‍ എത്തിയത്. പിന്നീട് ഈ താരം രാജ്യാന്തരക്രിക്കറ്റിലെ മികച്ച താരമായി മാറിയതാണ് ചിത്രത്തിന്റെ കഥ. ജീവ എന്ന നായക കഥാപാത്രത്തിന്റെ സഹതാരമായാണ് വരുണ്‍ ചക്രവര്‍ത്തി ചിത്രത്തിലെത്തിയത്. വരുണ്‍ ചക്രവര്‍ത്തിയെ ഓസിസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ആശംസകളറിയിച്ച് വിഷ്ണു വിശാല്‍ സിനിമയിലെ രംഗം പങ്കുവെച്ച് ട്വീറ്റും ചെയ്തിരുന്നു.

Story highlights: Varun Chakravarthy in a Tamil movie