കൊവിഡ്ക്കാലം കുടുംബത്തിന്റെ താളം തെറ്റിച്ചപ്പോള്‍ ചായ വില്‍ക്കാനിറങ്ങിയ 14-കാരന്‍

14-year-old boy sells tea to support his family

ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച കൊറോണ വൈറസ് വ്യാപനം രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊവിഡ് 19 എന്ന മഹാമാരി. കൊവിഡ്ക്കാലം തീര്‍ത്ത പ്രതിസന്ധിയും ചെറുതല്ല. പല മേഖലകളേയും കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചു. കൊവിഡ്ക്കാലം കുടുംബത്തിന്റെ താളം തെറ്റിച്ചപ്പോള്‍ ചായ വില്‍ക്കാനിറങ്ങിയ പതിനാലുകാരന്റെ കഥ പലരുടേയും ഉള്ളുതൊടുന്നു.

മുംബൈ സ്വദേശിയായ സുബന്‍ ഷെയ്ക്ക് ആണ് ഈ പതിനാലുകാരന്‍. സുബന്റെ ചെറുപ്പത്തിലേ അച്ഛന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പിന്നീട് അമ്മയായിരുന്നു കുടുംബത്തെ പോറ്റിയത്. സ്‌കൂള്‍ ബസില്‍ അറ്റന്‍ഡറായിരുന്ന അമ്മയ്ക്ക് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു സുബനും സഹോദരിമാരും അമ്മയും അടങ്ങുന്ന കുടുംബം മുന്നോട്ടു പോയിരുന്നത്. എന്നാല്‍ കൊവിഡ്ക്കാലത്ത് സ്‌കൂളുകള്‍ അടഞ്ഞപ്പോള്‍ അമ്മയുടെ വരുമാനം നിലച്ചു.

Read more: കുഞ്ഞുങ്ങള്‍ക്കൊപ്പം ഓരോ ഈണങ്ങളും പിറക്കുന്ന നാട്

കാര്യമായ കരുതിവെപ്പ് ഒന്നും ഇല്ലാതിരുന്നതിനാല്‍ കുടുംബം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. ഇതോടെയാണ് കുടുംബത്തെ പോറ്റാന്‍ സുബന്‍ ചായ വില്‍ക്കാന്‍ തുടങ്ങിയത്. മുംബൈയിലെ ഭെന്‍ഡി ബസാറിലെ ഒരു കടയില്‍വെച്ച് സുബന്‍ ചായ ഉണ്ടാക്കും. പിന്നെ, അത് ഫ്‌ളാസ്‌കില്‍ നിറച്ച് പല ഇടങ്ങളില്‍ കൊണ്ടുപോയി വില്‍ക്കും. സൈക്കിളിലാണ് സുബന്റെ യാത്ര. ഇതില്‍ നിന്നും കിട്ടുന്ന 300-400 രൂപ ദിവസവും അമ്മയെ ഏല്‍പിക്കുകയും ചെയ്യുന്നു.

സുബന്റെ കഥ സമൂഹമാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ടതോടെ നിരവധിപ്പേരാണ് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. സ്‌കൂള്‍ തുറന്നാള്‍ പഠനം തുടരുമെന്ന് പറയുന്ന സുബന് മികച്ച വിദ്യാഭ്യാസം നേടി എയര്‍ ഫൈറ്റല്‍ പൈലറ്റ് ആകണമെന്നാണ് ആഗ്രഹം.

Story highlights: 14-year-old boy sells tea to support his family