പക്ഷിയെപ്പോലെ പറന്ന് കാര്‍ത്തിക്കിന്റെ കിടിലന്‍ ക്യാച്ച്: വൈറല്‍ വീഡിയോ

Acrobatic Catch by Dinesh Karthik

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് പതിമൂന്നാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. ഓരോ മത്സരങ്ങളിലും ജയ- പരാജയങ്ങളേക്കാള്‍ അധികമായി ചില താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ താരമായവരില്‍ ഒരാള്‍ ദിനേശ് കാര്‍ത്തിക് ആണ്.

ദിനേശ് കാര്‍ത്തിക്കിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ച് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ വൈറലായി. പക്ഷിയെപ്പോലെ വായുവില്‍ പറന്നാണ് കാര്‍ത്തിക് പന്ത് തന്റെ കൈക്കുമ്പിളിലാക്കിയത്. രാജസ്ഥാന് മിന്നും തുടക്കം സമ്മാനിച്ച ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കാനായിരുന്നു കിടിലന്‍ ഡൈവിലൂടെ കാര്‍ത്തിക് ക്യാച്ച് എടുത്തത്.

അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടതോടെ ടീം സീസണില്‍ നിന്നും പുറത്തായി. 60 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്ത് കാട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് അടിച്ചെടുത്തു. 35 പന്തില്‍ നിന്നുമായി 68 റണ്‍സോടെ പുറത്താകാതെ നിന്ന ഇയോണ്‍ മോര്‍ഗന്‍ ആണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കം മുതല്‍ക്കേ പാളിച്ചകളായിരുന്നു. അതിഗംഭീരമായാണ് കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ രാജസ്ഥാനെ എറിഞ്ഞു വീഴ്ത്തിയത്.

Story highlights: Acrobatic Catch by Dinesh Karthik