താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

Anand Mahindra Comment On Prithviraj Jawa Photo

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ച വാക്കുകളും ശ്രദ്ധ നേടി. താരങ്ങളുടെ കൂടിച്ചേരല്‍ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കമന്റ്.

ഇതിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘താരങ്ങളെക്കുറിച്ചറിയില്ല. എന്നാല്‍ കൂടിച്ചേരല്‍ എന്ന പ്രയോഗം ഒരര്‍ത്ഥത്തില്‍ ശരിയാണ്. സിനിമയിലെത്തുന്നതിന് മുമ്പ് അച്ഛന്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായിരുന്നു. ജാവ ബൈക്കോടിച്ചായിരുന്നു അദ്ദേഹം കോളജില്‍ പോയിരുന്നത്. എന്നാല്‍ ജാവ ബൈക്കിനൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം എന്റെ കൈയിലില്ല’ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Anand Mahindra Comment On Prithviraj Jawa Photo