വീടിന് മുകളിലെ കാര്‍; അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്രയും

Anand Mahindra tweets Scorpio on house roof

പ്രിയപ്പെട്ട ചില വസ്തുക്കളുണ്ടാകും മിക്കവര്‍ക്കും. പ്രത്യേകിച്ച് ആദ്യമായി സ്വന്തമാക്കിയ ചിലതിനോട് ഒരിടം കൂടുതലുണ്ടാകും. ആദ്യത്തെ വാഹനം, ആദ്യത്തെ ഫോണ്‍ അങ്ങനെ പലതിനോടും പ്രത്യേക ഒരു ഇഷ്ടം സൂക്ഷിക്കാറുണ്ട് ചിലര്‍. പുതിയ ഒരു വീടു പണിതപ്പോഴും ആദ്യത്തെ കാറിനെ മറക്കാത്ത ഒരാളാണ് ഇന്തസാര്‍ ആലം.

ബീഹാര്‍ സ്വദേശിയാണ് ഇദ്ദേഹം. ആദ്യത്തെ കാറിന്റെ ഓര്‍മ്മയ്ക്കായി ഇദ്ദേഹം വീടിന്റെ ടെറസ്സില്‍ കാറിന്റെ മാതൃകയിലാണ് വാട്ടര്‍ ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. ആദ്യ കാഴ്ചയില്‍ വീടിന് മുകളില്‍ ഒരു കാര്‍ കിടക്കുന്നതായേ തോന്നൂ.

തന്റെ ആദ്യത്തെ വാഹനമായ മഹീന്ദ്ര സ്‌കോര്‍പിയോയോടുള്ള സ്നേഹമാണ് ഇന്തസാര്‍ ആലം വാട്ടര്‍ ടാങ്കില്‍ പ്രതിഫലിപ്പിച്ചത്. യഥാര്‍ത്ഥ വണ്ടിയിലെ നമ്പര്‍ പ്ലേറ്റ് സഹിതം അദ്ദേഹം കാര്‍ രൂപത്തിലുള്ള വാട്ടര്‍ ടാങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും കൗതുകമാണ്. ആനന്ദ് മഹീന്ദ്രയും ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

വീടിന്റെ മുകളില്‍ മുന്‍വശത്തായാണ് കാര്‍ രൂപത്തിലുള്ള വാട്ടര്‍ ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. വഴിയാത്രക്കാര്‍ക്ക് വളരെ വേഗം ദൃശ്യമാവുകയും ചെയ്യും ഈ വാട്ടര്‍ ടാങ്ക്. ഏകദേശം 2.5 ലക്ഷം രൂപയാണ് വാട്ടര്‍ ടാങ്കിന്റെ നിര്‍മാണ ചെലവ്.

Story Highlights: Anand Mahindra tweets Scorpio on house roof