‘ചിരിയും കരച്ചിലും നിയന്ത്രിക്കാൻ സാധിച്ചില്ല’- മാരനും ബൊമ്മിക്കും അഭിനന്ദനവുമായി ‘സൂരറൈ പോട്രി’ന്റെ യഥാർത്ഥ നായകൻ

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിത കഥയാണ് ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലൂടെ പങ്കുവെച്ചത്. സൂര്യയാണ് സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ ജി ആർ ഗോപിനാഥിന്റെ വേഷത്തിൽ എത്തിയത്. ‘അമ്മ വേഷത്തിൽ ഉർവ്വശിയും, ഭാര്യയായി അപർണ ബലമുരളിയും വേഷമിട്ടു. വളരെയധികം മികച്ച പ്രതികരണങ്ങൾ ലഭിച്ച ചിത്രത്തിന് യഥാർത്ഥ നായകന്റെ അഭിനന്ദനവും ലഭിച്ചിരിക്കുകയാണ്.

ക്യാപ്റ്റൻ ജി ആർ ഗോപിനാഥ്‌ ട്വിറ്ററിലൂടെയാണ് ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. സിനിമയിൽ വളരെയധികം നാടകീയമായങ്കിലും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഉൾകൊള്ളാൻ ചിത്രത്തിന് സാധിച്ചതായി അദ്ദേഹം പറയുന്നു.

ചിത്രത്തിനെ ഒരു റോളർ-കോസ്റ്റർ റൈഡ് എന്ന് വിളിക്കുന്ന ജി ആർ ഗോപിനാഥ് സംവിധായികയായ സുധ കൊങ്കരയെയും തന്റെ കഥാപാത്രം അവതരിപ്പിച്ച സൂര്യയെയും അഭിനന്ദിച്ചു. ‘സൂരറൈ പോട്ര്’ വളരെയധികം നാടകീയമാണെങ്കിലും ഞാനെഴുതിയ പുസ്തകത്തിന്റെ യഥാർത്ഥ സംഭവങ്ങൾ ഉൾക്കൊള്ളാൻ സിനിമയ്ക്ക് കഴിഞ്ഞു. ഒരു യഥാർത്ഥ റോളർ കോസ്റ്റർ. നിരവധി കുടുംബ രംഗങ്ങളിൽ ചിരിയടക്കാനും കരയാതിരിക്കാനും പ്രയാസപ്പെട്ടു. ഒട്ടേറെ ഓർമ്മകൾ ചിത്രം നൽകി’- അദ്ദേഹം ട്വിറ്ററിൽ കുറിക്കുന്നു.

ഒരു സംരംഭകന്റെ പോരാട്ടങ്ങൾ ‘സൂരറൈ പോട്ര്’ നന്നായി ആവിഷ്കരിച്ചെന്നും ഗോപിനാഥ് ചൂണ്ടിക്കാട്ടി. അപർണ ബാലമുരളിയുടെ കഥാപാത്രമായ ബൊമ്മി എന്ന സുന്ദരിക്ക് വളരെയധികം പ്രശംസ സിനിമാപ്രേമികളിൽ നിന്നും ലഭിച്ചിരുന്നു. ക്യാപ്റ്റൻ ഗോപിനാഥിനും അപർണയുടെ അഭിനയം അമ്പരപ്പാണ് നൽകിയത്. ‘അപർണ, എന്റെ ഭാര്യ ഭാർഗവിയെ വളരെ നന്നായി രേഖപ്പെടുത്തി’- അദ്ദേഹം കുറിക്കുന്നു.

Read More: ‘നീണ്ട 19 വർഷങ്ങൾക്ക് ശേഷം ഞനൊരു തബലയിൽ തൊട്ടു, കരയാതിരിക്കാൻ വായിച്ചുതുടങ്ങി’- ഉള്ളുതൊടുന്ന കുറിപ്പുമായി മാത്തുക്കുട്ടി

2ഡി എന്റര്‍ടൈന്‍മെന്റ്സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സ്‌പൈസ് ജെറ്റുമായി സഹകരിച്ചാണ് പ്രൊമോഷൻ പരിപാടികൾ സംഘടിപ്പിച്ചത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ 70 കുട്ടികൾക്ക് സൗജന്യ വിമാനയാത്രയും ഒരുക്കിയിരുന്നു. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights- captain g r gopinadh appreciating Soorarai Pottru