പഞ്ചവർണ്ണങ്ങളിൽ ഒഴുകുന്ന നദി; കൗതുകമുണർത്തി അപൂർവ ദൃശ്യങ്ങൾ

പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യവിസ്മയങ്ങളും പ്രകൃതിയിലെ പ്രതിഭാസങ്ങളുമൊക്കെ പലപ്പോഴും മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ്. അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് പ്രകൃതി. അതുകൊണ്ടുതന്നെ അത്ഭുതവും ഒപ്പം കൗതുകവും നിറച്ചുകൊണ്ടാണ് പ്രകൃതിയിലെ പല കാഴ്ചകളും. ഇപ്പോഴിതാ അഞ്ച് നിറങ്ങളിൽ ഒഴുകുന്ന നദിയുടെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് ഏറെ കൗതുകമുണർത്തുന്നത്.

കൊളംബിയയിലുള്ള കാനോ ക്രിസ്റ്റൽസ് എന്ന നദിയാണ് ഒരേ സമയം അഞ്ച് വ്യത്യസ്ത നിറങ്ങളിൽ ഒഴുകുന്നത്. കൊളംബിയയിലെ ഗുയബൊറോ നദിയുടെ പോഷകനദിയാണ് കാനോ ക്രിസ്റ്റൽസ്. ഒരേസമയം പച്ച, നീല, മഞ്ഞ, കറുപ്പ്, ചുവപ്പ് നിറങ്ങളിലാണ് നദിയിലെ വെള്ളം ഒഴുകുക. നദിയിലെ വർണശബളമായ നിറങ്ങളുടെ പേരിൽ ഈ നദി പ്രശസ്തമാണ്. ലിക്വിഡ് റെയിൻബോ എന്നും അറിയപ്പെടുന്ന ഈ നദിയിൽ ജൂലൈ അവസാനം മുതൽ നവംബർ വരെയാണ് ഈ വ്യത്യസ്ത നിറങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

Read also:‘നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല’; മകനൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി

‘മക്കാരീനിയ ക്ലാവിഗേര’ എന്ന ജലസസ്യത്തിന്റെ സാന്നിധ്യമാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. അതേസമയം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വ്യത്യസ്ത നിറങ്ങളിൽ ഒഴുകുന്ന നദിയുടെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Story Highlights: Colombias river of five colours