അത്ഭുത കാഴ്ചകളുടെ കലവറയായി ഹാങ്ങ് സൺ ദൂങ്

അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. നിഗൂഢതകളും കൗതുകങ്ങളും നിറച്ച് നിരവധി വിസ്മയങ്ങളാണ് പ്രകൃതി നമുക്കായി കാത്തുവെച്ചിരിക്കുന്നത്. അത്തരത്തിൽ നിരവധി അത്ഭുതങ്ങളുമായി പ്രകൃതി ഒരുക്കിയ ഒന്നാണ് വിയറ്റ്നാമിലെ കാടിന് നടുവിലുള്ള ഹാങ്ങ് സൺ ദൂങ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗുഹകളിൽ ഒന്നാണ് ഹാങ്ങ് സൺ ദൂങ്. ഏകദേശം 40 നിലയുള്ള ഒരു കെട്ടിടത്തിനെക്കാളും വലിപ്പത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. 200 മീറ്റർ ഉയരവും 175 മീറ്റർ വീതിയുമാണ് ഗുഹയ്ക്കുള്ളത്. 9.4 കിലോമീറ്ററാണ് ഗുഹയുടെ നീളം.

ഗുഹയ്ക്കുള്ളിൽ മനോഹരമായ മേഘങ്ങളും കാണപ്പെടുന്നുണ്ട്. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയാണ് ഈ മേഘങ്ങൾ രൂപപ്പെടാൻ കാരണം. കാഴ്ചയ്ക്ക് ഏറെ മനോഹരമാണെങ്കിലും ഗുഹയ്ക്കുള്ളിലെ കാഴ്ചകൾക്ക് ഈ മേഘങ്ങൾ മങ്ങൽ ഏൽപ്പിക്കാറുണ്ട്. നിരവധി മരങ്ങൾ നിറഞ്ഞ ഒരു വനവും ഈ ഗുഹയ്ക്ക് അകത്ത് ഉണ്ട്. അതിന് പുറമെ തടാകങ്ങളും അരുവികളും അവ ആസ്വാദിക്കാനെത്തുന്ന മൃഗങ്ങളും ഒക്കെ നിറഞ്ഞ മനോഹരമായ ഒരിടമാണ് ഈ ഗുഹ. ഈ കാഴ്ചകൾ ആസ്വദിക്കാനായി നിരവധി വിനോദ സഞ്ചാരികളും ഇവിടേക്ക് എത്താറുണ്ട്. വർഷത്തിൽ ആയിരം പേർക്ക് മാത്രമാണ് ഇവിടം സഞ്ചരിക്കാൻ അനുമതിയുള്ളത്.

Read also:ഹിന്ദി- ഇംഗ്ലീഷ് ചിത്രത്തിൽ നായികയായി പൂർണിമ ഇന്ദ്രജിത്ത്; രണ്ടാംവരവിൽ ബോളിവുഡിലേക്ക്

അതേസമയം നിരവധി വിസ്മയങ്ങൾ നിറഞ്ഞ ഈ ഗുഹയിൽ മുൻപ് മനുഷ്യൻ ജീവിച്ചിരുന്നു എന്നതിന് തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല. 2009- ൽ മാത്രമാണ് ഈ ഗുഹയെക്കുറിച്ച് ലോകം അറിയുന്നത്. ഇവിടേക്ക് എത്തപ്പെടാനുള്ള ബുദ്ധിമുട്ടാണ് അതുവരെ ഈ പ്രദേശത്തെക്കുറിച്ച് അധികമാരും അറിയാതിരിക്കാൻ കാരണം എന്നാണ് കരുതപ്പെടുന്നത്.

Story Highlights: Hang Son Doong cave