നിസ്സാരം! വിക്കറ്റ് വേട്ടയിൽ താരമായി ബുംറ, റെക്കോഡ് നേട്ടം

November 6, 2020

ഐ പി എൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ടീമുകളേക്കാൾ താരങ്ങൾ പ്രിയപ്പെട്ടവരാകുന്ന മത്സരത്തിൽ, വിക്കറ്റ് വേട്ടയിൽ റെക്കോഡ് നേടിയിരിക്കുകയാണ് മുംബൈ താരം ജസ്‌പ്രീത് ബുംറ. കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ ഇടംനേടിയിരുന്നു.

ജസ്‌പ്രീത് ബുംറയുടെ തകർപ്പൻ ബോളിങ്ങാണ് മുംബൈയുടെ വിജയം അനായാസം ആക്കിയത്. നാല് ഓവറിൽനിന്നും വെറും 14 റൺസ് മാത്രം വിട്ടുകൊടുത്ത് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് ബുംറയുടെ വിക്കറ്റ് നേട്ടം 27 ആയി ഉയർന്നു. 25 വിക്കറ്റ് നേട്ടവുമായി ഇരുന്ന ഡല്‍ഹി താരം കഗിസോ റബാദയെ മറികടന്ന് പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ബുംറ. ഒരു സീസണിൽ ഏറ്റവും അധികം വിക്കറ്റുകൾ എടുക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിനും അർഹനായിരിക്കുകയാണ് ബുംറ. 2018- ലെ സീസണില്‍ 26 വിക്കറ്റുകള്‍ വീഴ്ത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡ് മറികടന്നാണ് ഈ നേട്ടവും ബുംറ കരസ്ഥമാക്കിയിരിക്കുന്നത്.

ഇന്നലത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ ഇടംനേടി. 57 റൺസിനാണ് ഡൽഹിയെ മുംബൈ തോല്പിച്ചത്. വിജയത്തോടെ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റ് ആയി മുംബൈ മാറി. എന്നാൽ മത്സരം തോറ്റെങ്കിലും ഡൽഹിയ്ക്ക് ഫൈനലിൽ കയറാൻ ഒരു അവസരം കൂടി ബാക്കിയുണ്ട്. ഇനി നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറിലെ വിജയിയെ തോൽപ്പിച്ചാൽ ഡൽഹിയ്ക്ക് ഫൈനലിൽ എത്താം. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുക.

Story Highlights:ipl-2020 jasprit bumrah sets new indian record

.