കൊൽക്കത്ത പുറത്ത് ഹൈദരാബാദ് അകത്ത്; മുംബൈയെ തോൽപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിൽ

November 3, 2020
srh

ഐ പി എല്ലിലെ നിർണായകമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് പത്ത് വിക്കറ്റ് വിജയം. ഈ വിജയത്തോടെ രണ്ട് പോയിന്റ് നേടി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ച് പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിലേക്ക് കടന്നതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫിൽ നിന്നും പുറത്തായി. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ടീമുകളാണ് പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ചത്.

മുംബൈ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് 18 ഓവറിൽ മറികടക്കുകയായിരുന്നു. ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റൻ ഡേവിഡ് വാർണറും സാഹയും അർധ സെഞ്ച്വറി നേടി. ക്യാപ്റ്റൻ ഡേവിഡ് വാർണർ തകർപ്പൻ ബാറ്റിങ്ങാണ് പുറത്തെടുത്തത്. 58 പന്തിൽനിന്നും 11 ബൗണ്ടറികളുടെ സഹായത്തോടെ 85 റൺസാണ് ഡേവിഡ് വാർണർ പുറത്താകാതെ നേടിയത്. 45 പന്തിൽ നിന്നും 8 ബൗണ്ടറികളുടെ അകമ്പടിയോടെ 58 റൺസ് നേടി വൃദ്ധിമാൻ സാഹ പുറത്താകാതെ മികച്ച പിന്തുണ നൽകി.

ടോസ് നേടിയ ഹൈദരാബാദ് മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് ഭേദപ്പെട്ട സ്കോർ നേടാൻ ആയില്ല. മുംബൈ ടീമിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ തിരിച്ചെത്തിയെങ്കിലും മികച്ച ബാറ്റിങ് പ്രകടനം നടത്താൻ രോഹിത് ശർമ്മയ്ക്ക് കഴിഞ്ഞില്ല. അവസാന ഓവറുകളിൽ ആഞ്ഞടിച്ച പൊള്ളാർഡാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 25 പന്തിൽ നിന്നും നാല് സിക്സറുകളും രണ്ടു ഫോറുകളും ഉൾപ്പെടെ പൊള്ളാർഡ് 41 റൺസ് നേടി. സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി സന്ദീപ് ശർമ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജേസൺ ഹോൾഡറും ഷഹബാസ് നദീമും രണ്ട് വിക്കറ്റ് വീതവും റഷീദ് ഖാൻ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

അതേസമയം ഈ മത്സരത്തിൽ വിജയിക്കാൻ ആയില്ലെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാമത് തന്നെ തുടരുകയാണ് മുംബൈ ഇന്ത്യൻസ്.

Story Highlights: Ipl 2020 sunrisers hyderabad won