‘മിനുട്ടുകള്‍ക്ക് പെന്നിന്‍വിലയുളള ഒരു സംവിധായകനാണ് അന്ന് അങ്ങനെ പറഞ്ഞത്’; ഹരിഹരനൊപ്പമുള്ള അനുഭവം പങ്കുവെച്ച് കെ മധു

K Madhu About Director Hariharan

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019-ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായത് സംവിധായകന്‍ ഹരിഹരനാണ്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ സി ഡാനിയേല്‍ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ക്കേ നിരവധിപ്പേരാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഹരിഹരന്‍ എന്ന സംവിധായകനൊപ്പമുള്ള ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായ കെ മധു.

കുറിപ്പ് ഇങ്ങനെ

സ്വന്തമാക്കാതെ മനുഷ്യര്‍ സ്‌നേഹിക്കുന്ന മറ്റൊന്നില്ല; ഗുരുവിനെയല്ലാതെ!

ഗുരുസ്‌നേഹം ഏറെ ദീപ്തമായ ദിനമാണ് ഇന്ന്. ഞാന്‍ ഹരന്‍സാറെന്നു വിളിക്കുന്ന ഗുരുസ്ഥാനീയനായ ഹരിഹരന്‍ സാറിന് ജെ.സി. ഡാനിയല്‍ പുരസ്‌കാരം ലഭിച്ച വാര്‍ത്ത എന്നെ അത്യധികം ആഹ്ലാദിപ്പിക്കുന്നു. ഓര്‍മ്മയുടെ തിരിതെളിയിച്ചാല്‍ ’79 കാലഘട്ടത്തിലാണ് ഞാന്‍ ഹരന്‍സാറിനെ ആദ്യമായി കണ്ടത്. അത് എന്റെ പ്രിയ ഗുരുനാഥന്‍ കൃഷ്ണന്‍നായര്‍ സാറിനൊപ്പം സംവിധാന സഹായിയായി മദ്രാസിലായിരുന്ന ആ കാലത്ത്.

ഹരിഹരന്‍ സാര്‍ ഞങ്ങളുടെ സെറ്റില്‍ എത്തിയാല്‍ സ്വീകരിക്കുക എന്ന ചുമതല എന്നെയാണ് കൃഷ്ണന്‍ നായര്‍ സര്‍ ഏല്‍പ്പിച്ചത്. അന്ന് എന്റെഗുരുനാഥന്‍ പറഞ്ഞ വാക്കുകളില്‍ നിന്ന് ഹരന്‍ സാറിനെ ആദ്യം തന്നെ ഞാന്‍ മനസ്സുകൊണ്ട് ബഹുമാനിച്ചിരുന്നു. ‘ഹരന്‍ വന്നാല്‍ ഉടനെ അകത്തേക്ക് കൂട്ടി കൊണ്ടുവരണം; ഷൂട്ട് അകത്ത് നടക്കുന്നു എന്നറിഞ്ഞാല്‍ ഹരന്‍ വരില്ല ‘അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇവയായിരുന്നു.

മഹനീയമായ ആ വ്യക്തിത്വം മനസ്സിലാക്കാന്‍ മറ്റെന്തു വേണം. ഹരന്‍സാര്‍ എത്തി; ഞാന്‍ അകത്തേക്ക് കൊണ്ടുപോകുമ്പോള്‍ ‘ഷൂട്ട് ആണെങ്കില്‍ കഴിഞ്ഞിട്ട് കയറാം’ എന്ന് ഹരന്‍ സാര്‍ പറഞ്ഞു. മിനുട്ടുകള്‍ക്ക് പെന്നിന്‍വിലയുളള ഒരു സംവിധായകനാണ് അന്ന് അങ്ങനെ പറഞ്ഞത് !

പക്ഷേ ഈ ദൗത്യം എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് ഞാന്‍ എന്റെ ഗുരുവിന്റെ അടുത്ത് ഹരന്‍ സാറിനെയെത്തിച്ചു. അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത് മറക്കാനാവാത്ത മറ്റൊരു രംഗമായിരുന്നു.
ഗുരുവിനോട് ശിഷ്യന്‍ കാണിക്കുന്ന ആദരവ് നിറഞ്ഞ സ്‌നേഹവും, ശിഷ്യനോട് ഗുരു കാണിക്കുന്ന കരുതല്‍ നിറഞ്ഞ സ്‌നേഹവുമായിരുന്നു അന്ന് ഞാന്‍ കണ്ടനുഭവിച്ചത്.

ഇന്ന് ഇരട്ടിമധുരമാണ്; എന്റെ ഗുരുനാഥന്‍ കൃഷ്ണന്‍ നായര്‍ സാറിന് ലഭിച്ച അതേ പുരസ്‌കാരം അദ്ദേഹത്തിന്റെ ശിഷ്യനായ ഹരിഹരന്‍ സാറിനും ലഭിച്ചു എന്നതിനാല്‍… കാലം കരുതിവച്ച അംഗീകാരം. തീര്‍ത്തും അര്‍ഹതയ്ക്കുള്ള അംഗീകാരം. ആഹ്ലാദത്തോടെ, ആനന്ദത്തോടെ, ‘അഭിനന്ദനങ്ങള്‍ ഹരന്‍ സാര്‍…

Story highlights: K Madhu About Director Hariharan