‘ജോലിക്ക് പോകുന്നതും കോളേജിൽ പോകുന്നതുപോലെ’- രസകരമായ ചിത്രവുമായി കുഞ്ചാക്കോ ബോബൻ

മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിലും നിറത്തിലും കണ്ട കോളേജ് കുമാരനിൽ നിന്നും കുഞ്ചാക്കോ ബോബന് യാതൊരു മാറ്റവും ഇല്ല. നാല്പതുകളിലും ഇരുപതിന്റെ ചുറുചുറുക്കുമായി സജീവമാണ് താരം. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം സിനിമ സെറ്റിലേക്ക് എത്തുന്നതും കോളേജ് സ്റ്റൈലിലാണ്.

ജോലിക്ക് പോകുന്നത് കോളേജിൽ പോകുന്നതുപോലെയാണ് എന്ന കുറിപ്പിനൊപ്പം ബൈക്കിൽ ഷൂട്ടിംഗ് സെറ്റിലേക്ക് എത്തുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം തോളിലൊരു കോളേജ് ബാഗുമുണ്ട്. ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

താങ്കൾ അതിന് കോളേജിൽ പോയിട്ടുണ്ടോ എന്ന ആരാധകന്റെ കുസൃതി ചോദ്യത്തിന് അതിലും രസകരമായ മറുപടിയാണ് കുഞ്ചാക്കോ ബോബൻ നൽകിയത്. വായിനോക്കാൻ പോയിട്ടുണ്ട് എന്നാണ് നടൻ നൽകിയ മറുപടി. ലോക്ക് ഡൗൺ കാലത്ത് കുഞ്ചാക്കോ ബോബൻ അധികവും പങ്കുവെച്ചത് കോളേജ് ഓർമ്മകൾ ആയിരുന്നു.

ആലപ്പുഴ എസ് ഡി കോളേജിലെ നിറപ്പകിട്ടാർന്ന ദിനങ്ങളിലെ രസകരമായ ചില സംഭവങ്ങളാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുള്ളത്. സുഹൃത്തുക്കൾക്കൊപ്പം കൊമേഴ്‌സ് ഡേയ്ക്ക് പാട്ടുപാടുന്ന ചിത്രവും ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ പോയ ചിത്രവുമൊക്കെ താരം പങ്കുവെച്ചിരുന്നു. എസ് ഡി കോളേജിൽ 1997 ബാച്ച് വിദ്യാർത്ഥിയായിരുന്നു കുഞ്ചാക്കോ ബോബൻ. സുഹൃത്തിന്റെ ബൈക്കിൽ ചാരി നിൽക്കുന്ന മറ്റൊരു ചിത്രവും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു.

Read More: സണ്ണി മണിച്ചിത്രത്താഴിട്ട് പൂട്ടിയ നാഗവല്ലി ദേ, ഇവിടുണ്ട്- വൈറലായ ഫോട്ടോഷൂട്ട്

കോളേജ് പഠനത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ സിനിമ ലോകത്തേക്ക് ചുവടുവച്ചത്. 1997ൽ തന്നെയാണ് ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചത്. ‘ധന്യ’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചായിരുന്നു വെള്ളിത്തിരയിൽ തുടക്കം കുറിച്ചത്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ‘അഞ്ചാം പാതിരാ’ വൻ വിജയമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് മകൻ ഇസഹാക്കിനൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് കുഞ്ചാക്കോ ബോബൻ.

Story highlights- kunchacko boban’s instagram post