കഴിഞ്ഞ അഞ്ച് വർഷമായി ഗോദാവരി നദിക്കരയിൽ സ്ഥിരമായി എത്തുന്ന ചന്ദ്ര കിഷോർ; ലക്ഷ്യം ഇതാണ്

മാലിന്യങ്ങള്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും തെരുവോരങ്ങളുമെല്ലാം ഇന്ന് സ്ഥിരം കാഴ്‌ചയാണ്‌. പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ ഉപയോഗ ശേഷം കൃത്യമായി മാലിന്യസംസ്കരണം നടത്തുന്നതിന് പകരം വലിച്ചെറിയുന്നത് കാലാവസ്ഥയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഗോദാവരി നദിക്കരയിൽ നിൽക്കുന്ന ചന്ദ്ര കിഷോർ എന്ന പ്രകൃതി സ്നേഹിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

രാവിലെ മുതല്‍ രാത്രി 11 മണിവരെ ഗോദാവരി നദിക്കരികില്‍ നില്‍ക്കുന്ന ചന്ദ്ര കിഷോറിന് ഒരു ലക്ഷ്യമേ ഉള്ളു. ആളുകളെ മാലിന്യം വലിച്ചെറിയുന്നതിൽ നിന്ന് തടയണം. കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ ദിവസവും രാവിലെ മുതൽ ചന്ദ്ര കിഷോർ ഇവിടെ എത്തും. നദിക്കരയിൽ ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ ആ പ്രവൃത്തിയിൽ നിന്നും അവരെ തടയും. ഇതിന് പുറമെ മലിനീകരണത്തെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും ചെയ്യും.

ഐഎഫ്‍എസ് ഓഫീസറായ സ്വേതാ ബോഡ്ഡു പങ്കുവെച്ച ചന്ദ്ര കിഷോറിന്റെ ചിത്രവും അദ്ദേഹത്തെക്കുറിച്ചുള്ള കുറിപ്പുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘കൈയിലൊരു വിസിലുമായി ദിവസം മുഴുവനും ഈ മനുഷ്യന്‍ റോഡരികില്‍ നില്‍ക്കുന്നത് കണ്ടു. ആളുകളെ ഗോദാവരിയിലേക്ക് മാലിന്യം എറിയുന്നത് തടയുന്നതിനായാണ് അദ്ദേഹം ഇങ്ങനെ നിൽക്കുന്നത്’ എന്നാണ് സ്വേതാ ബോഡ്ഡു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

Story Highlights:man stopping people from throwing waste into godavari river