‘ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നു’; ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ അനുസ്മരിച്ച് മഞ്ജു വാര്യര്‍

November 26, 2020
Manju Warrier about Maradona

ഡീഗേ മറഡോണ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ വേര്‍പാടിന്റെ ദു:ഖത്തിലാണ് ലോകം. രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ പോലും കടന്ന് ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് കടന്നെത്തിയവയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഗോളുകളും. ഫുട്‌ബോളിലെ ദൈവം എന്നായിരുന്നു മറഡോണയെ വിശേഷിപ്പിച്ചത് പോലും.

കായിക- സിനിമാ- സാംസ്‌കാരിക മേഖലകളില്‍ നിന്നടക്കം നിരവധിപ്പേരാണ് മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടെത്തുന്നത്. ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ കുറിച്ച അനുശോചന വാക്കുകള്‍. ‘ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു, പ്രിയ ഡീഗോ വിട’ എന്ന ഉള്ളു തൊടുന്ന വാക്കുകളാണ് മഞ്ജു വാര്യര്‍ കുറിച്ചത്.

ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരില്‍ ഒരാളായിരുന്നു ഡീഗോ മറഡോണ. ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍ അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നപ്പോളി, സെവിയ്യ, നെവല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്കുവേണ്ടി താരം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകളും നേടിയിട്ടുണ്ട്.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ മറഡോണ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ചു. 1986 ലെ ലോകകപ്പ് കിരീടത്തിലേക്ക് അര്‍ജന്റീനയെ നയിച്ചതില്‍ സുപ്രധാനമായ പങ്കുവഹിച്ചതും മറഡോണ തന്നെയാണ്. ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പ് നേടി. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ ഇതേ ലേകകപ്പില്‍ സ്വന്തമാക്കുകയും ചെയ്തു.

അതേസമയം 1986 ലെ ലോകകപ്പ് ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ മറഡേണ നേടിയ രണ്ട് ഗോളുകള്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഇടം നേടിയിട്ടുണ്ട്. ഇവയില്‍ ഒരു ഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും മറ്റേത് ‘നൂറ്റാണ്ടിലെ ഗോള്‍’ എന്നും അറിയപ്പെടുന്നു.

Story highlights: Manju Warrier about Maradona